വാഹനമോടിക്കുന്ന സ്ത്രീകൾ ഇന്ന് ഒരു അദ്ഭുതമേയല്ല. സ്കൂട്ടർ മുതൽ ട്രെയിനും വിമാനവും വരെ ഓടിക്കുന്ന വനിതകള്‍ നമുക്കൊപ്പമുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ സ്ത്രീകളുടെ വാഹനം ഏതെന്ന് പ്രത്യേകിച്ച് പറയേണ്ട. ഗിയര്‍ലെസ് സ്‌കൂട്ടറുകളോടാവും അവര്‍ക്ക് ഏറെ പ്രിയം. എന്നാല്‍ കാറുകളില്‍ ഏത് കാറിനോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം? ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു സര്‍വ്വേ. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമൊണ്‍ഏഷ്യ എന്ന കമ്പനി 2017 വുമണ്‍ ഓട്ടോമോട്ടീവ് ബൈയേഴ്‌സ് സ്റ്റഡി എന്ന പേരില്‍ നടത്തിയ സര്‍വ്വെയിലാണ് സ്ത്രീകളുടെ പ്രിയ കാര്‍ ഏതെന്ന് കണ്ടെത്തിയിരിക്കുന്നത്.
സർവ്വേയിൽ രാജ്യത്തെ 28 നഗരങ്ങളിലെ 21 മുതൽ 45 വയസുവരെ പ്രായമായ 3945 സ്ത്രീകൾ പങ്കെടുത്തു എന്നാണ് പ്രിമൊൺഏഷ്യ വാരത്താക്കുറിപ്പിലൂടെ അറിയിച്ചത്. എപ്രിൽ മുതൽ ജൂൺ വരെയായിരുന്ന സർവ്വേയുടെ കാലാവധി. സര്‍വ്വേയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ കാറുകളോടാണ് കൂടുതല്‍ വനിതകള്‍ക്കും പ്രിയം എന്നാണ് തെളിയുന്നത്. മിഡ്‌സൈസ് സെഡാന്‍ ഹോണ്ട സിറ്റിയെയാണ് ഭൂരിഭാഗവും ഇഷ്ടവാഹനമായി തിരഞ്ഞെടുത്തത്. ഫോക്‌സ് വാഗണ്‍ പോളോ രണ്ടാം സ്ഥാനത്തും നിസാന്‍ മൈക്ര മൂന്നാം സ്ഥാനവും സ്വന്തമാക്കി. സര്‍വ്വെയില്‍ പങ്കെടുത്തവര്‍ വിവിധ കമ്പനികളുടെ 80 മോഡലുകളാണ് ഉപയോഗിച്ചിരുന്നത്. കമ്പനിയുടെ ബ്രാന്‍ഡ് വാല്യൂ, കാറുകളുടെ പെര്‍ഫോമെന്‍സ്, സര്‍വ്വീസ് തുടങ്ങിയവ പരിഗണിച്ചാണ് സര്‍വ്വെ നടത്തിയത്.
തൊണ്ണൂറുകളിൽ ഇന്ത്യയിൽ 1–2 ശതമാനം വനിതകളാണ് വാഹനം വാങ്ങിയിരുന്നത് എങ്കിൽ ഇന്നത് 10 മുതൽ 20 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ എന്താണ് തങ്ങളുടെ വാഹനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അറിയാനാണ് സർവേ നടത്തിയത് എന്നാണ് പ്രിമൊൺഏഷ്യ പറയുന്നത്. പതിനൊന്ന് ബ്രാൻഡുകളിൽ നിന്നായി 80 മോഡലുകളാണ് സർവ്വേയ്ക്ക് പങ്കെടുക്കുന്നവർ ഉപയോഗിക്കുന്നത്.
സർവ്വേയുടെ ഫലം ഹോണ്ടയ്ക്ക് അനുകൂലമായിരുന്നെങ്കിൽ ബ്രാൻഡ് ഇമേജിന്റെ കാര്യം മാത്രമെടുത്താൽ ഫോക്സ്‌വാഗനും ആഫ്റ്റർ സർവീസിന്റെ കാര്യത്തിൽ നിസാനും സെയിൽസ് ആന്റ് ഡെലിവറിയുടെ കാര്യത്തിൽ ടൊയോട്ടയും മുന്നിട്ടു നിന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഓട്ടോ ഡോര്‍ ക്ലോസിങ്, നാവിഗേഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയ കാറുകള്‍ക്ക് സ്ത്രീകള്‍ കൂടുതല്‍ പരിഗണന നല്‍കുന്നതായും സര്‍വ്വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
