ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആരധികാരത്തില്‍ വന്നാലും ഓന്തുകളുടെ സ്ഥിതിയാണ് പാവം സര്‍ക്കാര്‍ ബസുകള്‍ക്ക്. മാറിമാറി വരുന്ന സർക്കാറുകൾ ആദ്യം ചെയ്യുന്ന പ്രധാന കര്‍മ്മ പരിപാടികളിലൊന്നാണ് സർക്കാർ ബസിന്‍റെ നിറം മാറ്റി പാര്‍ട്ടി പതാകയുടെ നിറം പൂശുക എന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതാണ് ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ((UPSRTC)) ബസുകളുടെ സ്ഥിതി. പണ്ട് മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലിരുന്ന കാലത്ത് നീലയും വെള്ളയുമായിരുന്നു നിറമെങ്കില്‍ സമാജ് വാദി പാര്‍ട്ടി കസേരയിലേറിയപ്പോള്‍ നിറം ചുവപ്പും പച്ചയുമാക്കി മാറ്റി.

എങ്കില്‍പ്പിന്നെ തങ്ങളെന്തിനു മടിക്കണമെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചോദിക്കുന്നത്. ഇത്തവണയും ഈ രീതിക്ക് മാറ്റമുണ്ടായില്ല. യോഗി ആദിത്യനാഥ് സർക്കാർ ഉത്തർ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളുടെ നിറം മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിറമേതെന്ന് പ്രത്യേകം പറയണ്ടല്ലോ? കാവി തന്നെ. കാവി നിറത്തിലുള്ള 50 പുതിയ ബസുകളാണത്രെ യോഗി സര്‍ക്കാര്‍ നിരത്തിലിറക്കിയിരിക്കുന്നത്.

പേരുകളിലാണ് ഈ ബസ് സര്‍വ്വീസുകളെടെ മറ്റൊരു പ്രത്യേകതയാണ്. സര്‍വ്വജന്‍ ഹിതായി സര്‍വ്വജന്‍ സുഖായി എന്നായിരുന്നു ബിഎസ്പിയുടെ ബസ് സര്‍വ്വീസിന്‍റെ പേരെങ്കില്‍ ലോഹ്യ ഗ്രാമീണ്‍ ബസ് സേവാ എന്നതായിരുന്നു എസ്‍പിയുടെ പദ്ധതി.

ബിജെപിയുടെ പദ്ധതിക്കും ഒരു പേരുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് അന്ത്യോദയ എന്ന പേരിലാണ് പുതിയ ബസ് സര്‍വ്വീസ് തുടങ്ങുന്നത്. യോഗിയും ഒട്ടും മോശമല്ലെന്നു ചുരുക്കം. എന്തായാലും നിറം മാറിക്കൊണ്ടിരിക്കാന്‍ യുപിയിലെ ബസുകളുടെ ജീവിതം പിന്നെയും ബാക്കി.