ബെംഗളൂരു: ടാക്‌സി വാഹനങ്ങളിലെ ചൈല്‍ഡ് ലോക്ക് നീക്കണമെന്ന ഉത്തരവ് മൂന്നു മാസത്തിനുള്ളില്‍ ബംഗളൂരു നഗരത്തില്‍ നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ഡിസംബര്‍ 14-നാണ് പുതിയ നിയമം നിലവില്‍ വന്നത്. അതിനു ശേഷം രണ്ടര ലക്ഷം ടാക്‌സികള്‍ ഉള്ളതില്‍ 42,000 ടാക്‌സികളിലെ ചൈല്‍ഡ് ലോക്ക് നീക്കിയെന്നും ബാക്കിയുള്ള ടാക്‌സികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഒരു വാഹനത്തിലെ ചൈല്‍ഡ് ലോക്ക് ഒഴിവാക്കാന്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വേണ്ടിവരുന്നുണ്ടെന്നും  സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

കുട്ടികളുടെ സുരക്ഷയെ കരുതി ടാക്സികളില്‍ സ്ഥാപിച്ചിട്ടുള്ള ചൈല്‍ഡ് ലോക്ക് സ്ത്രീയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന പരാതിയിലായിരുന്നു ചൈല്‍ഡ് ലോക്ക് നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 

2019 മുതല്‍ രാജ്യത്ത് ഇറങ്ങുന്ന കാറുകളില്‍ ചൈല്‍ഡ് ലോക്ക് പാടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയവും ഉത്തരവിട്ടിരുന്നു. കുട്ടികളുടെ സുരക്ഷാര്‍ത്ഥമാണ് പിന്‍സീറ്റുകളില്‍ ചൈല്‍ഡ് ലോക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ യാത്രയ്ക്കിടെ വനിതകൾക്കെരെ നടക്കുന്ന ആക്രമണങ്ങളിൽ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണു കണ്ടെത്തൽ. ഈ സാഹചര്യത്തിലാണു ടാക്സി വാഹനങ്ങളുടെ പിൻസീറ്റിൽ നിന്നു ചൈൽ ലോക്ക് നീക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം.

വാഹനത്തിനുള്ളില്‍ വച്ച് അക്രമികളുടെ കൈയ്യില്‍ അകപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ചൈല്‍ഡ് ലോക്ക് കാരണം കാറില്‍ നിന്നും രക്ഷപെടാനാവാത്ത അവസ്ഥയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ പിന്‍വാതില്‍ ഡ്രൈവര്‍ക്ക് പൂട്ടാനുള്ള സംവിധാനം ഇനിയിറങ്ങുന്ന കാറുകളില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു.  

ചൈൽഡ് ലോക്ക് സംവിധാനം ഒഴിവാക്കിയ ലോക്ക് ഏർപ്പെടുത്തണമെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ രാജ്യത്തെ വാഹന നിർമാതാക്കളോട് നിർദേശിച്ചിരുന്നത്. വാഹനം സ്വകാര്യ ആവശ്യത്തിനാണോ വാണിജ്യ മേഖലയിലാണോ ഉപയോഗിക്കുക എന്നു നിർമാണ ഘട്ടത്തില്‍ അറിയാൻ വഴിയില്ലാത്തതിനാൽ ഇത്തരം ലോക്കുകൾ ഡീലർഷിപ്പുകൾ വഴി ഘടിപ്പിക്കുക എന്ന രീതിയും മുമ്പ് സർക്കാർ നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ പാലിക്കാത്ത വാഹനങ്ങൾക്ക് ഇനി ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കില്ല.