വൈദ്യുതിയിലോടുന്ന ലോകത്തിലെ ആദ്യകപ്പലുമായി ചൈന. ഹാങ്ഷു മോഡേൺ ഷിപ് ഡിസൈൻ ആൻഡ് റിസർച് കമ്പനി രൂപകൽപ്പന ചെയ്ത ഈ കപ്പലിന് 2,2014 ടൺ കേവുഭാരമുണ്ട്. കപ്പല്‍ ഗ്വാങ്ഷുവിൽ നീറ്റിലിറക്കി. 70 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള ഈ ചരക്കുകപ്പലിനെ കുതിപ്പിക്കുന്നത് 2,400 കിലോവാട്ട് അവർ കരുത്തുള്ള ആയിരത്തിലേറെ ലിതിയം അയോൺ ബാറ്ററികളാണ്.

ഉൾനാടൻ ജലഗതാഗതം ലക്ഷ്യമിട്ടാണു ചൈനീസ് കമ്പനി വൈദ്യുത കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു വർഷത്തിലേറെ സമയമെടുത്താണ് വൈദ്യുത കപ്പൽ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. അടുത്ത മാസം പരീക്ഷണ ഓട്ടം നടത്തുന്ന ചരക്കുകപ്പലിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് 2018ൽ ആരംഭിച്ചേക്കും.

ഒറ്റത്തവണ ചാർജ് ചെയ്താൽ 50 മൈൽ(80 കിലോമീറ്റർ) പിന്നിടാൻ വൈദ്യുത കപ്പലിനു കഴിയും. വെറും രണ്ടു മണിക്കൂർ കൊണ്ടു കപ്പലിലെ ബാറ്ററി പൂർണമായും ചാർജ്. സാധാരണ കപ്പലുകളെ അപേക്ഷിച്ച് ബാറ്ററിയിൽ ഓടുന്ന കപ്പലിനു പ്രവർത്തന ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.