ഒരേസമയം വീടായും ഓഫീസായും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വാഹനം. കേള്‍ക്കുമ്പോള്‍ അമ്പരക്കേണ്ട. അതാണ് 'ക്രൈസ്‌ലര്‍ പോര്‍ട്ടല്‍ കണ്‍സെപ്റ്റ്'. മൂന്നാം ലോകം എന്നാണിതിന് കമ്പനി നല്‍കുന്ന പേര്. വീടിനും ഓഫീസിനും പുറമെയുള്ള മൂന്നാം ലോകമായിരിക്കും ഈ വാഹനം. ഒരു സ്വിച്ചിട്ടാല്‍ ജോലി ചെയ്യാനുള്ള ഓഫീസോ വിശ്രമിക്കാനുള്ള വീടോ ആയി ഈ വാഹനം മാറും.
സീറ്റുകള്‍ക്കു സമീപവും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുംവച്ചിരിക്കുന്ന എട്ട് പോയിന്റുകളില്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം. വാഹനം ഓഫീസ് മോഡിലാണോ, ഹോം മോഡിലാണോ എന്നത് പുറത്തുള്ള എല്‍.ഇ.ഡി. ഡിസ്പ്ലേ ലൈറ്റുകളില്‍ നിന്ന് മനസ്സിലാക്കാം. സാഹചര്യത്തിനനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈറ്റുകള്‍ നേര്‍ത്ത എല്‍.ഇ.ഡി.കളാണ്. മേല്‍ത്തട്ട് പൂര്‍ണമായും പോളികാര്‍ബണേറ്റു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
സീറ്റുകള്‍ ഏതു രീതിയില്‍ വേണമെങ്കിലും ക്രമീകരിക്കാം. ഓഫീസ് സീറ്റോ, അല്ലെങ്കില്‍ ചാരിക്കിടന്ന് വിശ്രമിക്കാനുള്ള സോഫയോ ആക്കാം. വൈദ്യുതി വാഹനമായതിനാല്‍ അകത്ത് യന്ത്രഭാഗങ്ങളുടെ തിക്ക് ഒഴിവാകും. ബാറ്ററി നിലത്ത് പരത്തിവച്ചിട്ടായിരിക്കും. സെന്റര്‍ കണ്‍ട്രോള്‍ എന്ന രീതിതന്നെ ഇതില്‍ ഒഴിവായിരിക്കും.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ഒറ്റച്ചാര്‍ജില്‍ 250 മൈല്‍ ഓടും. 150 മൈല്‍ ഓടാനുള്ള ചാര്‍ജ് ചെയ്യാന്‍ കേവലം 20 മിനിറ്റ് മതി. വാഹനത്തിലെ ഇന്റര്‍നെറ്റ് ക്ലൗഡ് ബേസ്ഡ് ആപ്ലിക്കേഷനുകളുപയോഗിച്ച് യാത്രക്കാരന് പൊതുസമൂഹമായും സുഹൃത്തുക്കളുമായും എപ്പോഴും ബന്ധം പുലര്‍ത്താനും കഴിയും. മൂന്ന് സെമി ഒട്ടോണമസ് മോഡുകളായിരിക്കും ഇതിലുണ്ടാവുക. വേണമെങ്കില്‍ പൂര്‍ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നാലാം മോഡും ഇതിലുണ്ടായിരിക്കും.
സാധാരണ വൈദ്യുതി വാഹനങ്ങളെപ്പോലെ മുന്‍ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ തന്നെയാണ് ഇതിനെയും ചലിപ്പിക്കുന്നത്. നൂറ് കിലോവാട്ടിന്റെ ലിഥിയം അയേണ്‍ ബാറ്ററി പാക്ക് നിലത്ത് ഘടിപ്പിച്ചിരിക്കുന്നു. വാഹനത്തിന്റെ അകത്തും പുറത്തും ഒരേസമയം നിരീക്ഷിക്കുന്ന സെന്‍സറുകളാണ് ഇതിലെ പ്രധാന ഘടകങ്ങളിലൊന്ന്. കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വാഹനം സെറ്റ് ചെയ്യാന്‍ കഴിയും.
സീറ്റിങ്ങും സീറ്റ് ട്രാക്ക് മോണിറ്ററിങ് സിസ്റ്റവും കൈകാര്യം ചെയ്തിരിക്കുന്നത് അഡിയന്റ് എന്ന കമ്പനിയാണ്. ലൈറ്റ് സെറ്റിങ്ങുകള്‍ മാഗ്നെറ്റി മറെല്ലി, വയര്‍ലെസ് കണക്ടിവിറ്റി ഓഡിയോ സിസ്റ്റം പാനസോണിക് ഓട്ടോമോട്ടീവ്, ക്യാമറകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും സാംസങ് ഇലക്ട്രോണിക്‌സ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഈ വാഹനത്തിന്റെ രൂപകല്പന.
