ഈ വാഹന ഉടമകള്‍ക്ക് കേന്ദ്രത്തിന്‍റെ ഇരുട്ടടി

ദില്ലി: വാണിജ്യവാഹനങ്ങല്‍ക്ക് പ്രായപരിധി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനുസരിച്ച് ബസ്, ട്രക്ക്, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ക്ക് 20 വര്‍ഷം മാത്രം നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടാകൂവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓടെ പദ്ധതി പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രിയുടെ ഒഫീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഗതാഗത, ഘന വ്യവസായ, പരിസ്ഥിതി, ധന മന്ത്രിമാരും നിതി ആയോഗ് അംഗങ്ങളും പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

അപകടങ്ങള്‍ കുറയ്ക്കാനും മലിനീകരണത്തിനും യാത്രകള്‍ സുഗമമാക്കാനുമാണ് പുതിയ പദ്ധതി. 2000നു മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങള്‍ 2020 നുശേഷം റോഡിലിറക്കാനാവില്ല.

20 വര്‍ഷം കഴിഞ്ഞാല്‍ ഇവയുടെ രജിസ്‌ട്രേഷന്‍ സ്വയം റദ്ദാകുന്ന സംവിധാനവും ഏര്‍പ്പെടുത്തും. നിയമം പ്രാബല്യത്തിലാകുന്നതോടെ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിരത്തു വിടും. പദ്ധതിയനുസരിച്ച് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങാന്‍ പത്തു ശതമാനം വിലക്കുറവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. അതേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.