വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും പതിവാണ്. പാര്‍ക്കിംഗ് സമുച്ചയങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരും ഡ്രൈവര്‍മാരും ഇത്തരം തര്‍ക്കങ്ങളിലെ പതിവ് കഥാപാത്രങ്ങളുമായിരിക്കും. രൂക്ഷമായ വാക് പോരുകളിലും മറ്റുമാവും ഇത്തരം തര്‍ക്കങ്ങള്‍ പലപ്പോഴും കലാശിക്കുക. ഇത്തരം ഒരു തര്‍ക്കത്തിനൊടുവില്‍ ചൈനയിലെ ഒരു യുവതി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൊടുത്ത പണിയും അതിന് സെക്യൂരിറ്റി ജീവനക്കാര്‍ നല്‍കിയ മറുമറുപടിയും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

ചൈനയിലെ ബെന്‍ക്സി സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ കഴിഞ്ഞ ദിവസമാണ് രസകരമായ സംഭവം. അപ്പാര്‍ട്ട്മന്‍റില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യുവതി. പാര്‍ക്കിംഗ് ഫീസിനെ ചൊല്ലിയുള്ള രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ യുവതി കോംപ്ലക്സിലേക്കുള്ള ഡ്രൈവ് വേയില്‍ സെക്യൂരിറ്റി സ്റ്റേഷനു മുന്നിലായി കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മറ്റു വാഹനങ്ങള്‍ക്ക് കടന്നു വരാന്‍ സാധിക്കാത്ത തരത്തിലായിരുന്നു കാര്‍ പാര്‍ക്ക് ചെയ്‍ത ശേഷം യുവതി മുങ്ങിയത്.

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മുട്ടന്‍പണി കൊടുത്ത സന്തോഷത്തോടെ 38 മണിക്കൂറിനു ശേഷമാണ് യുവതി തിരികെയെത്തിയയത്. എന്നാല്‍ വണ്ടി എടുക്കാനെത്തിയ അവര്‍ ഞെട്ടിപ്പോയി. തന്‍റെ കാറ് നിലത്തു കാണാനില്ല. അതാ സെക്യൂരിറ്റി സ്റ്റേഷന്‍റെ റൂഫ് ടോപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്‍തിരിക്കുന്നു!

കോംപ്ലക്സിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തിയ യുവതിക്ക് അപ്പാര്‍ട്ട് മെന്‍റ് അധികൃതര്‍ കൊടുത്ത മറുപണിയായിരുന്നു ഇത്. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പൊക്കിയെടുത്ത് കെട്ടിടത്തിന്‍റെ മുകളില്‍ വച്ചായിരുന്നു പ്രതികാരം. കാര്‍ കെട്ടിടത്തിനു മുകളില്‍ കിടക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒടുവില്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പ്രശ്‍നം പറഞ്ഞു തീര്‍ത്തതിനു ശേഷമാണ് കാര്‍ താഴെ ഇറക്കിക്കൊടുത്തത്. സംഭവത്തില്‍ നിന്നും യുവതി എന്തായാലും ഒരു പാഠം പഠിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പ്.