കോടികള്‍ വിലയുള്ള ആഢംബര കാർ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണത്തെ പരിഹസിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട നടി അമല പോളിന് സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടുള്ള അമലയുടെ പരിഹാസ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്തെത്തി.
"ചിലപ്പോഴൊക്കെ നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് എനിക്ക് തോന്നാറുണ്ട്. അതിനായി ഞാന്‍ ഒരു ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. കാരണം നിയമം ലംഘിച്ചുവെന്ന് പേടിക്കേണ്ടല്ലോ. അതോ ഇനി എന്‍റെ അഭ്യുദയകാംക്ഷികളോട് അത് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ", ഇതായിരുന്ന താരത്തിന്‍റെ കുറിപ്പ്.
ഈ പോസ്റ്റിനെതിരെയാണ് രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നത്. സാധാരണക്കാരൻ ഒരു മനുഷ്യായുസ്സ് മുഴുവൻ ജോലി ചെയ്താൽ കിട്ടാത്ത അത്രയും പണം നിങ്ങള്‍ക്ക് മൂന്നോ നാലോ മാസം കൊണ്ട് തീരുന്ന സിനിമാ ഷെഡ്യൂളിൽ നിന്നും കിട്ടുന്നില്ലേ എന്നും കടലോളം ഉണ്ടായിട്ടും എന്തിന്നാണു നക്കി കുടിക്കുന്നത്, കോരി കുടിച്ചൂടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. ദൈവം അനുഗ്രഹിച്ച് പണത്തിന് ഒരു കുറവുമില്ലല്ലോ, പിന്നെയെന്തിനാണ് ഈ കള്ളത്തരമെന്നും ജനങ്ങൾ ട്രോളുന്നതിൽ എന്തിനാണ് ഈ അസഹിഷ്ണുതയെന്നും ഊള ന്യായീകരണവുമായി ഇറങ്ങാൻ ഉളുപ്പില്ലേ എന്നും പരിഹാസമുണ്ട്. ഒരുപാട് പേർ തെറ്റു ചെയ്ത കൂട്ടത്തിൽ നമ്മൾ തെറ്റ് ചെയ്താൽ അതൊരിക്കലും ശരി ആകില്ലെന്നും തെറ്റെന്നും തെറ്റാണെന്നും അന്യന്‍ സിനിമയിലെ ഡയലോഗ് ചൂണ്ടിക്കാട്ടി ഓര്‍മ്മിപ്പിക്കുന്നു മറ്റു ചിലര്‍. ഇത്തരം കമന്‍റുകള്‍ക്ക് വന്‍ ലൈക്കുമാണ് ലഭിക്കുന്നത്. എന്നാല്‍ അമലയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
അമലാ പോളിന്‍റെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്.
മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.
