ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ ബജറ്റ്‌ ബ്രാന്‍ഡായ ഡാറ്റ്സൺ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ നിര്‍മിച്ച് പുറത്തിറക്കി. ഒരു ലീറ്റർ എൻജിനുള്ള ‘റെഡി ഗൊ’യാണ് കമ്പനിയുടെ മൊത്തം ഉൽപ്പാദനം ആദ്യ ലക്ഷത്തിലെത്തിച്ചത്. ചെന്നൈയിലെ നിര്‍മാണ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജെറോ സൈഗോട്ട്, റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ സി.ഇ.ഒ.യും എം.ഡി.യുമായ കോളിന്‍ മക്ഡൊണാള്‍ഡ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒരു ലക്ഷം കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്.

2014-ലാണ് ഡാറ്റ്‌സൺ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. രാജ്യത്തുടനീളം 280 ഡീലര്‍ഷിപ്പുകളുകള്‍ നിലവില്‍ ഡാറ്റ്‌സണുണ്ട്. ചെറുഹാച്ച്ബാക്ക് ഗോ, മള്‍ട്ടി പര്‍പ്പസ് ഗോ പ്ലസ്, റെഡി-ഗോ എന്നീ മൂന്നു മോഡലുകളാണ് ഡാറ്റ്‌സണ്‍ ഇന്ത്യ ഇവിടെ വിറ്റഴിക്കുന്നത്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ അതിഥിയായി ഗോ പ്ലസിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗോ ക്രോസ് എന്ന ക്രോസ്ഓവര്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡാറ്റ്‌സണ്‍.

മൂല്യാധിഷ്ഠിതമായ ബ്രാൻഡിലും ഉൽപന്നങ്ങളിലും ഇന്ത്യൻ ഉപയോക്താക്കൾക്കുള്ള വിശ്വാസവും ഡാറ്റ്സൻ കൈവരിച്ച സ്വീകാര്യതയുമാണ് ഉൽപ്പാദനം 1,00,000 യൂണിറ്റിലെത്തുമ്പോൾ പ്രതിഫലിക്കുന്നതെന്ന് ജെറോം സൈഗോട്ട് പറഞ്ഞു.