പാതിരാത്രിയില്‍ പലപ്പോഴും പെരുവഴിയില്‍പ്പെട്ടു പോയ ദുരനുഭവം പലര്‍ക്കും ഉണ്ടാകും. ഏറെ നേരം കൈകാണിച്ച ശേഷമായിരിക്കും ആരെങ്കിലും ദയ തോന്നി ഒന്നു നിര്‍ത്തി തരിക. എന്നാല്‍ വീട്ടില്‍ പോകാന്‍ വണ്ടി കിട്ടാത്തതിനാല്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് ചെയ്തത് ഇത്തിരി കടന്ന കൈയ്യായിപ്പോയി.

ഉള്ളില്‍ കിടക്കുന്ന മദ്യത്തിന്‍റെ ഹാങ്ങോവറില്‍ പുള്ളി നോക്കുമ്പോഴുണ്ട് ഒരു ആനവണ്ടി വഴിയരികില്‍ വെറുതെ കിടക്കുന്നു. കയറി നോക്കുമ്പോള്‍ വണ്ടിയില്‍ താക്കോലുമുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല. സര്‍ക്കാര്‍ വണ്ടിയും സ്റ്റാര്‍ട്ടാക്കിയെടുത്ത് ഓടിച്ചങ്ങു പോയി.കൊല്ലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. പാര്‍ക്ക് ചെയ്യാന്‍ ഗാരേജില്‍ സ്ഥലമില്ലാത്തതിനാല്‍ റോഡിന്‍റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയിലെ ബസുകളിലൊന്നാണ് മദ്യലഹരിയില്‍ യുവാവ് തട്ടിയെടുത്തത്. കൊല്ലം - തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഈ ബസ് ഇയാള്‍ ഓടിച്ചു കൊണ്ടു പോകുന്നതിനിടെ ചിന്നക്കടക്ക് സമീപം വൈദ്യുതി ടവറിലിടിച്ച് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ അലോഷി എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സുഹൃത്തിനെ കാണാനെത്തിയ ശേഷം തിരിച്ചു പോകാന്‍ വീട്ടിലേക്ക് വണ്ടി കിട്ടാത്തതിനാല്‍ ബസെടുത്ത് പോകുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.

സംഭവത്തില്‍ കെഎസ്ആര്‍ടിസിയും അന്വേഷണം നടത്തുന്നുണ്ട്. രാവിലെ മെക്കാനിക്കിന് വാഹനം പരിശോധിക്കാനായി താക്കോല്‍ ഡ്രൈവര്‍മാര്‍ ബസില്‍ തന്നെ സൂക്ഷിക്കുന്നതാണ് ബസ് തട്ടിയെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പുതിയ ഇലക്ട്രോണിക്ക് സ്വിച്ച് ഉള്ള ബസുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ വേണ്ടെന്നാണ് ചില ജീവനക്കാര്‍ പറയുന്നത്.

മദ്യലഹരിയില്‍ ആനവണ്ടി റാഞ്ചുന്നത് സംസ്ഥാനത്തെ ആദ്യസംഭവം അല്ലെന്നതാണ് മറ്റൊരു കൗതുകം. കഴിഞ്ഞ വര്‍ഷം തൊടുപുഴയിലും സമാന സംഭവം നടന്നിരുന്നു. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസാണ് അന്ന് മദ്യലഹരിയില്‍ യുവാവ് റാഞ്ചിക്കൊണ്ടു പോയത്. ഒടുവില്‍ വഴിയില്‍ വെള്ളം കുടിക്കാന്‍ ബസ് നിര്‍ത്തിയപ്പോഴായിരുന്നു ഇയാള്‍ പൊലീസിന്‍റെ പിടിയിലാകുന്നത്.