ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സd ഇളവുകള്‍ നാളെ മുതല്‍

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാനത്ത് നാളെ പ്രാബല്യത്തില്‍വരും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി. ഇതോടെ ഒരു കണ്ണിനു മാത്രം കാഴ്‍ചയുള്ളവര്‍, കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈയ്‌ക്കോ ശേഷിക്കുറവുള്ളവര്‍ തുടങ്ങിയവര്‍ക്കും ലൈസന്‍സ് ലഭിക്കും. ഒരു കണ്ണിനു മാത്രം കാഴ്‍ചയുള്ളവരുടെ മറ്റേ കണ്ണിന്‍റെ കാഴ്ചശക്തി വിലയിരുത്തിയാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്.

ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നായ യാത്രാസൗകര്യമില്ലായ്മയെ മുന്‍നിര്‍ത്തിയാണ് ഈ ഇളവ്. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെടണം. ഇവര്‍ക്ക് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അത്യാവശ്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലായിരിക്കണം ലൈസന്‍സിങ് അധികാരിയുടെ മുന്‍ഗണനയെന്നും മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ലൈസന്‍സിനു അപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ ആശു​പത്രിയിലെ ഓഫ്താല്‍മോളജിസ്റ്റ്, ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റ്, ഓര്‍ത്തോ സര്‍ജന്‍ എന്നിവരിലൊരാളില്‍നിന്ന് പൂര്‍ണമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിതഫോറത്തില്‍ ഹാജരാക്കണം. ഒരുകണ്ണിനുമാത്രം കാഴ്ചശേഷിയുള്ളവര്‍ മറ്റേ കണ്ണിന്‍റെ കാഴ്ചശക്തി 6/12 അല്ലെങ്കില്‍ അതിനുമുകളില്‍ തിരശ്ചീനമായ ദൃശ്യതലം 120 ഡിഗ്രി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ളതായി ബന്ധപ്പെട്ട പരിശോധനയില്‍ തെളിയണം.

കേള്‍വിക്കുറവുള്ളവര്‍ ഓടിക്കുന്ന വാഹനത്തില്‍ അക്കാര്യം സൂചിപ്പിക്കുന്ന ചിഹ്നം ഒട്ടിക്കണം. സാധാരണപോലെ ഡ്രൈവിങ് ടെസ്റ്റ് നടത്തി ടെസ്റ്റ് പാസ്സായാല്‍ ലൈസന്‍സ് നല്‍കാം. കൈക്കും കാലിനും മറ്റും ശേഷിക്കുറവുള്ളവര്‍ക്ക് ഓര്‍ത്തോപീഡിക്/ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍ജന്‍റെ നിര്‍ദേശപ്രകാരമുള്ള മാറ്റം വരുത്തിയ വാഹനം ഓടിക്കാം.

നിര്‍ദിഷ്ടവ്യക്തിയുടെ ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തി രജിസ്റ്ററിങ് അതോറിറ്റി അംഗീകരിച്ചതോ അത്തരം സൗകര്യത്തോടെ കമ്പനി ഇറക്കുന്നതോ ആയ വാഹനം അപേക്ഷകന്‍ ടെസ്റ്റിനു കൊണ്ടുവരണം. അതില്‍ പൂര്‍ണ നിയന്ത്രണത്തോടെയും റോഡുപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് അപകടംവരുത്താതെയും ഓടിക്കാനാവുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് നല്‍കാം.

ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സര്‍ക്കുലര്‍ പറയുന്നു. കൂടുതല്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി ഒരുദിവസം ടെസ്റ്റ് നടത്താം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ്/ലൈസന്‍സ് ടെസ്റ്റ് നടത്തണം. ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫിസുകളില്‍ ലേണേഴ്‌സ് ടെസ്റ്റ് താഴത്തെ നിലയിലോ അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ നടത്തണമെന്നും ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ ഈ സര്‍ക്കുലറിന്‍റെ പകര്‍പ്പ് നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്. മാര്‍ച്ച 14 നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്.