മദ്യലഹരിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ബസ് വഴിയില്‍ നിര്‍ത്തി ഇറങ്ങിയോടി. കാസര്‍കോട് ജില്ലയിലാണ് സംഭവം. സൗത്ത് ലൈവ് ഓണ്‍ലൈനാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കാഞ്ഞങ്ങാട് നിന്നും ചീമേനി പെട്ടിക്കുണ്ടിലേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ മടിക്കൈ അടുക്കത്ത്‌പറമ്പിലെ പ്രദീപനാണു ബസില്‍നിന്ന് ഇറങ്ങിയോടിയത്. ഇയാളെ പോലീസ് പിന്തുടര്‍ന്നു പിടികൂടി.
യാത്രയ്‌ക്കിടെ ഡ്രൈവര്‍ വളയം തിരിക്കാന്‍ പാടുപെട്ടു. ഇതു കണ്ട കണ്ടക്‌ടര്‍ക്ക് സംശയം തോന്നി ഡിപ്പോയില്‍ വിവരം വിളിച്ചുപറഞ്ഞു. ഇത് കണ്ട് പ്രദീപന്‍ പഴയ കൈലാസ് തിയേറ്ററിനു സമീപം ബസ് നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തു. വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കിയ പ്രദീപനെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്‌തു.
