മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹനങ്ങളുടെ അതേ നമ്പര്‍ മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. 369 ആണ് മമ്മൂട്ടിയുടെ ഇഷ്ട നമ്പര്‍. മമ്മൂട്ടിയുടെ ഈ വാഹന - നമ്പർ പ്രേമം മോളീവുഡില്‍ പ്രശസ്തമാണ്. ഇപ്പോള്‍ ഇതേ നമ്പറാണ് ദുല്‍ഖറും സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ഏറ്റവും പുതിയ ഫോക്സ്‌വാഗണ്‍ പോളോയ്ക്ക് വേണ്ടി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ദുൽക്കർ സൽമാൻ മമ്മൂക്കയുടെ ഇഷ്ട നമ്പർ സ്വന്തമാക്കിയത്. കെ എൽ 07 സിഎൽ 369 എന്ന നമ്പറാണ് ദുല്‍ഖറിന് ലഭിച്ചത്. ഏകദേശം 30,000 രൂപ മുടക്കിയാണ് താരം ഫാൻസി നമ്പർ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുല്‍ഖറിന്‍റെ ഗാരേജും വിവിധ മോഡല്‍ വാഹനങ്ങളാല്‍ സമ്പന്നമാണ്. ദുൽക്കറിന്റെ മോ‍ഡിഫൈഡ് ട്രയംഫ് ബോൺവില്ലയുടെ നമ്പർ കെഎല്‍ 07 സിസി 9369 ആണ്. ഇതുകൂടാതെ ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ‌ ബൈക്കും ഒപ്പം മിനി കൂപ്പർ, ബെൻസ് എസ്എൽഎസ് എഎംജിയിൽ തുടങ്ങിയ വാഹനങ്ങളും ദുല്‍ഖറിന്‍റെ ഗാരേജിലുണ്ട്.