മൾട്ടിക്സിന്‍റെ ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിക്കുന്നു

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ പൊളാരിസിന്‍റെ യൂട്ടിലിറ്റി വാഹനം മൾട്ടിക്സിന്‍റെ ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിക്കുന്നു. പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാനാവാത്താതാണ് കാരണം. പൊളാരിസ് ഇൻഡസ്ട്രീസും ഇന്ത്യയിലെ പങ്കാളിയായ ഐഷർ മോട്ടോഴ്സും ഇതുസംബന്ധിച്ച തീരുമാനത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എത്രയുംപെട്ടെന്ന് മൾട്ടിക്സ് വിൽപ്പന അവസാനിപ്പിക്കുമെന്ന് ഐഷർ പൊളാരിസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

2015ലാണ് മള്‍ട്ടിക്സ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനമായിരുന്നു മള്‍ട്ടിക്‌സ്. അഞ്ചു പേർക്കു യാത്രാസൗകര്യമോ രണ്ട് സീറ്റിനൊപ്പം 1918 ലിറ്റര്‍ സ്റ്റോറേജ് സൗകര്യവും വാഹനത്തിലുണ്ടായിരുന്നു. 652 സിസി ടൂ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3000 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി 1600 ആര്‍പിഎമ്മില്‍ 37 എന്‍എം ടോര്‍ക്കുമേകിയിരുന്നു. ഗ്രീവ്സ് കോട്ടണിൽ നിന്നുള്ള 511 സി സി ഡീസൽ എൻജിന് മൂന്നു കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ശേഷിയുണ്ടായിരുന്നു. പമ്പ് പ്രവർത്തിപ്പിക്കാനും ലൈറ്റ് കത്തിക്കാനുമൊക്കെ ഈ വൈദ്യുതി ഉപയോഗിക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്‍തിരുന്നു.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള പതിപ്പും 2016ൽ ഇ പി പി എൽ പുറത്തിറക്കിയിരുന്നു. ലീറ്ററിന് 27 കിലോമീറ്ററായിരുന്നു കമ്പനി വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത. 3.43 ലക്ഷം രൂപയായിരുന്നു വില. വിൽപ്പന അവസാനിപ്പിച്ചാലും വാഹനത്തിന്‍റെ സ്പെയറുകളും സർവീസ് സൗകര്യവും തുടർന്നും ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.