2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് കരുത്ത് പകര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരമായി പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കത്തിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പദ്ധതിയുടെ ഒന്നാംഘട്ടം ഡല്‍ഹി എന്‍സിആര്‍ പരിധിയിലാണ് നടപ്പിലാക്കുക. ഒറ്റചാര്‍ജില്‍ 120-150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന ഫോര്‍ ഡോര്‍ ഇലക്ട്രിക് സെഡാനാണ് സര്‍ക്കാര്‍ സര്‍വ്വീസിലേക്കെത്തുക. ഇവിടെ നിലവിലുള്ള കാറുകള്‍ക്ക് പകരമായി ആയിരം സെഡാനുകള്‍ പകരം വരും. രണ്ടാംഘട്ടമായി പദ്ധതി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ വിവിധ ഇടങ്ങളിലായി നാനൂറ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിനായി വിവിധ ഭാഗങ്ങളില്‍ 3000 AC ചാര്‍ജിങ് പോയന്റും 1000 DC ചാര്‍ജിങ് പോയന്റും സ്ഥാപിക്കാനുള്ള ടെന്‍ഡറും ക്ഷണിക്കും.

ജിഎസ്‍ടി നിലവില്‍ വന്നപ്പോള്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള നികുതി 12 ശതമാനമായി കുറച്ചിരുന്നു. നിലവില്‍ ഇലക്ട്രിക് വിഭാഗത്തില്‍ മഹീന്ദ്രയുടെ E2O പ്ലസ്, E വെരിറ്റോ, ഇ-സുപ്രോ എന്നീ മോഡലുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. ടെസ്‌ല അടക്കമുള്ള മുന്‍നിര ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വരുന്നുണ്ട്. ഇതോടെ ഡീസല്‍- പെട്രോള്‍ഡ വാഹനങ്ങള്‍ക്ക് വന്‍ഭീഷണിയാവും ഉണ്ടാകുക.