രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് സൂപ്പര്‍ ബൈക്ക് അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരഭമായ എംഫ്‌ളക്‌സ് മോട്ടോഴ്‌സാണ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുന്നത്. കേവലം മൂന്ന് സെക്കന്‍ഡുകള്‍കൊണ്ട് 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധിക്കുന്ന ഈ ബൈക്കിന്‍റെ പേര് എംഫ്‌ളക്‌സ് വണ്‍ എന്നാണ്. 2018 ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ സൂപ്പര്‍ ബൈക്ക് അവതരിപ്പിച്ചേക്കും.
9.7 കിലോവാട്ട് ഹവര്‍ ശേഷിയുള്ള സാംസംഗ് ലിഥിയം അയണ്‍ ബാറ്ററി കരുത്തുപകരുന്ന ബൈക്കില്‍ പരമാവധി 80 bhp കരുത്തും 84 Nm ടോര്‍ക്കും സൃഷ്‍ടിക്കുന്ന ഇലക്ട്രിക്ക് മോട്ടോറുമുണ്ട്. ഹൈസ്‌പെക് ബ്രെംബോ ബ്രേക്കുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, സ്മാര്‍ട്ട് ഡിസ്‌പ്ലേയോടു കൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സംവിധാനം തുടങ്ങിയവ ഈ ബൈക്കിന്‍റെ പ്രത്യേകതകളാണ്.
പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം. ആറ് ലക്ഷം രൂപയില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന വില. തുടക്കത്തില്‍ ദില്ലി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാവും ഈ സൂപ്പര്‍ ബൈക്കുകള്‍ ലഭ്യമാകുക.
