പൊലീസിനെ കബളിപ്പിക്കാന്‍ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് തലയില്‍ വെച്ചാല്‍ മാത്രം മതി എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. ഡ്യൂപ്ലിക്കേറ്റ് ഹെല്‍മറ്റുകള്‍ ധരിക്കുന്നതും ധരിച്ച ഹെല്‍മറ്റിന്‍റെ സ്റ്റാപ്പിടാത്ത അലസതയുമെല്ലാം ഇത്തരം പ്രവണതയുടെ ഭാഗമാണ്. എന്നാല്‍ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് ധരിച്ചാല്‍ പോര, തലയ്ക്കിണങ്ങിയ സുരക്ഷിതമായ ഹെല്‍മെറ്റ് തന്നെ ധരിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോ പറയും. തലയ്ക്ക് ഇണങ്ങാത്ത ഹെല്‍മെറ്റ് ധരിച്ചാലും സ്റ്റാപ്പിടാത്തെ ഹെല്‍മെറ്റ് ധരിച്ചാലും അപകടം ഒഴിയുന്നില്ല എന്നത് തെളിയിക്കുകയാണ് കഴിഞ്ഞദിവസം അമേരിക്കയില്‍ നടന്ന ഈ അപകട വീഡിയോ.

അമേരിക്കയിലെ ന്യൂജേഴ്‌സി മോട്ടോര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ അമേരിക്കന്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് റേസിങ്ങിനിടെയാണ് അപകടം. മത്സരത്തില്‍ പങ്കെടുത്ത ലൂസ് ഫ്രാഞ്ചിയാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ജെര്‍മി വൈറ്റ്ഹസ്റ്റിന്റെ ബൈക്കില്‍ ഇടിച്ച് ഫ്രാഞ്ചി വീഴുന്ന വിഡിയോ വൈറ്റ്ഹസ്റ്റിന്റെ ബൈക്ക് ക്യാമറയിലാണ് പതിഞ്ഞത്. ഇടിയെത്തുടര്‍ന്ന് ഫ്രാഞ്ചി അന്തരീക്ഷത്തിലേക്ക് തെറിച്ചു പൊങ്ങുന്നതും അപ്പോള്‍ത്തന്നെ തലയിലെ ഹെല്‍മെറ്റ് തെറിച്ചു പോകുന്നതും കാണാം. ഫ്രാഞ്ചിക്ക് പരിക്കുകളൊന്നുമില്ലെങ്കിലും ഊരിപ്പോയ ഹെല്‍മറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

സാധാരണയായി റേസ് ട്രാക്കില്‍ മത്സരിക്കുന്നവരുടെ ഹെല്‍മെറ്റ് അവരുടെ തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതായിരിക്കും. വീഴ്ചയില്‍ അത് ഒരിക്കലും ഊരിപ്പോകില്ല.
കൃത്യമായ അളവിലുള്ള ഹെല്‍മെറ്റ് ധരിക്കാത്തതിനാലാണ് ഫ്രാഞ്ചിയുടെ തലയില്‍ നിന്ന് ഹെല്‍മെറ്റ് ഊരിപ്പോയത് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ വീഡിയോ കണ്ടിട്ട് നിങ്ങളും തീരുമാനിക്കൂ, തലക്കിണങ്ങുന്ന ഹെല്‍മറ്റിന്‍റെ പ്രാധാന്യം എന്തെന്ന്!