കോക്പിറ്റിലിരുന്ന് പൈലറ്റിനോട് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈജിപ്ഷ്യന്‍ സ്വദേശിയായ ആദം മുഹമ്മദ് അമീര്‍ എന്ന ആറു വയസുകാരന്റെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിമാനം പറത്തുമ്പോഴുണ്ടാവുന്ന അടിയന്തരസന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പൈലറ്റുമാരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നതും അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ സാങ്കേതികനാമങ്ങളെക്കുറിച്ച് കുട്ടി പറയുന്നതും അമ്പരപ്പോടെയാണ് ലോകം കണ്ടത്. എന്നാല്‍ ഇതാ അതിലേറെ അമ്പരപ്പിക്കുന്ന പുതിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ ആറു വയസുകാരന്‍ ഒരു വിമാനം പറത്തിയിരിക്കുന്നു. അതും അഞ്ച് മണിക്കൂറോളം!

ഇത്തിഹാദ് വിമാനക്കമ്പനിയാണ് ലോകത്തെ അതിശയിപ്പിച്ച ഈജിപ്ഷ്യന്‍-മൊറോകന്‍ വംശജനായ ഈ കൊച്ചു മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തത്. ഒരു ദിവസത്തേക്ക് വിമാനത്തിന്റെ പൈലറ്റാക്കിയാണ് കമ്പനി ആദത്തിന്റെ ആഗ്രഹം സഫലമാക്കിയത്. ഇപ്പോള്‍ പുറത്തുവന്ന ആദം വിമാനം പറത്തുന്ന വീഡിയോയും വൈറലാകുകയാണ്.

കുട്ടിയെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയര്‍ബസ് എ380ന്റെ പൈലറ്റാക്കുകയായിരുന്നു. ഏകദേശം അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വീഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ക്യാപ്റ്റന്‍ സമീറിനും മറ്റു പൈലറ്റുകള്‍ക്കുമൊപ്പമുള്ള യാത്ര മകന്‍ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീര്‍ പറഞ്ഞു. മറ്റു പൈലറ്റുമാരും ക്യാബിന്‍ ക്രൂ മെന്പര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു. അവന് ശരിക്കും വിമാനം പറത്തുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.

ഒരാഴ്ചമുന്‍പ് അബുദാബിയില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ സംഭവം അരങ്ങേറുന്നത്. കുട്ടിക്ക് വിമാനം പറത്തണമെന്നും വിമാനങ്ങളെക്കുറിച്ച് വളരെയധികം താല്‍പര്യമുണ്ടെന്നും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മനസിലാക്കി. വിമാനത്തെപ്പറ്റിയുള്ള കുട്ടിയുടെ സംസാരം ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റെന്‍ഡറാണ് കുട്ടിയെ പൈലറ്റുമാരെ കാണാന്‍ കോക്പിറ്റിലേക്ക് കൊണ്ടുപോയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം കോക്പിറ്റിലെത്തിയ കുട്ടി പൈലറ്റുമാരെ വിമാനം പറത്തുന്നതിന്റെ സാങ്കേതികവശങ്ങള്‍ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. അടിയന്തരഘട്ടങ്ങളില്‍ എങ്ങനെ വിമാനം കൈകാര്യം ചെയ്യണമെന്ന് സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയാത്ത സാങ്കേതികപദങ്ങളുപയോഗിച്ച് ആദം പൈലറ്റുമാരോട് സംസാരിച്ചു. 

കോക്പിറ്റില്‍ വച്ച് ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്ന് ഇത്തിഹാദ് പത്രക്കുറിപ്പില്‍ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവന് പ്രിയപ്പെട്ട വിമാനം, ഞങ്ങളുടെ ട്രെയിനിങ് അക്കാദമിയില്‍ നിന്നും ഒരു ദിവസത്തേക്ക് നല്‍കുകയായിരുന്നു. ഒരു പൈലറ്റ് ആകണമെന്ന ആദത്തിന്റെ സ്വപ്നത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ടാണ് ഇത്തിഹാദ് ആദത്തിനെ യാത്രയാക്കിയത്.

കൈയില്‍ കടലാസോ പുസ്തകമോ ചൂലോ ആണെങ്കിലും അത് വിമാനം പറത്തുന്ന രീതിയില്‍ കാണിക്കുക കുട്ടിയുടെ ശീലമാണെന്ന് അല്‍ ഐന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ജീവനക്കാരനായ പിതാവ് പറയുന്നു. അമ്മയുടെ ശിക്ഷണത്തില്‍ ചെറുപ്രായത്തിലേ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയ ആദമിന് വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകണമെന്ന് തന്നെയാണ് ആഗ്രഹം . വിമാനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ കാണുന്നതും പുസ്തകങ്ങള്‍ വായിക്കുന്നതുമാണ് ആദമിന്റെ വിനോദം. അബുദാബിയിലെ അല്‍ ഐനില്‍ ഒന്നാം ക്ലാസിലാണ് ആദം പഠിക്കുന്നത്.