Asianet News MalayalamAsianet News Malayalam

പോണ്ടിച്ചേരി രജിസ്ട്രേഷൻ; 17.68 ലക്ഷം രൂപ നികുതിയടച്ച് ഫഹദ് ഫാസിൽ

Fahad Fasil vehicle tax
Author
First Published Nov 22, 2017, 4:30 PM IST

പോണ്ടിച്ചേരിയിൽ വ്യാജ മേല്‍ വിലാസത്തിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയില്‍ നടൻ ഫഹദ് ഫാസിൽ നികുതി അടച്ചതായി റിപ്പോര്‍ട്ട്. തന്‍റെ P Y 05 9899 റജിസ്ട്രേഷനുള്ള ബെൻസ് കാറിന്റെ നികുതി ഇനത്തില്‍ 17.68 ലക്ഷം രൂപ ആലപ്പുഴ ആർടി ഓഫീസില്‍ ഫഹദ് ഫാസിൽ അടച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിന്റെ ബെൻസ് ഇ 63 എഎംജിക്ക് ഏകദേശം 93 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

എല്‍ഡിഎഫ് നടത്തിയ ജനജാഗ്രതാ യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആഢംബര കാര്‍ യാത്ര വിവാദമായിരുന്നു. ഇതോടെയാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത് ലക്ഷങ്ങള്‍ നികുതി വെട്ടിച്ച് കേരളത്തിലോടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും നടൻ സുരേഷ് ഗോപിക്കും നേരത്തെ കൈംബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു.  പോണ്ടിച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത താരങ്ങള്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ഗോപിക്കെതിരെ ആദ്യം സമാന ആരോപണം ഉയരുന്നത്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7നാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വണ്ടി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതു പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.

അതേ സമയം ആഢംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios