തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിനെ ക്കൈബ്രാഞ്ച് ചോദ്യം ചെയ്‍തത് മൂന്നു മണിക്കൂറോളം. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഫഹദിനെതിരെയുള്ള കേസ്. 2015 ലും 2016 ലുമാണ് കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്‍ത്.
വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനൊട് പറഞ്ഞതായാണ് റിപ്പോട്ട്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്. എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയാറാണെന്നും ഫഹദ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം വ്യാജരേഖകൾ നിർമിച്ചെന്ന കേസിൽ ഫഹദ് തന്‍റെ ഭാഗം വിശദീകരിക്കുന്ന രേഖകൾ ഹാജരാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. ഈ രേഖകളിലും കൂടുതൽ പരിശോധനകൾ വേണ്ടിവരും. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഫഹദ് ഇന്ന് പുറത്തിറങ്ങിയത്. നേരത്തേ ആലപ്പുഴ കോടതി ഫഹദിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
നടനും എം പിയുമായ സുരേഷ് ഗോപിയും നടി അമല പോളും സമാന കുറ്റകൃത്യത്തിന് നിയമക്കുരുക്കിലാണ്. ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദ കാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര്‍ കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.
