കാറിന് ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടാന്‍ കാഞ്ഞിരപ്പള്ളി സ്വദേശി ചെലവാക്കിയത് ഒരുലക്ഷത്തിയഞ്ഞൂറു രൂപ. കാഞ്ഞിരപ്പള്ളി സ്വദേശി മഠത്തില്‍ നൗഷാദാണ് കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ ടി ഓഫീസില്‍ നടന്ന ലേലത്തില്‍ KL.34 E 7777 എന്ന ഫാന്‍സി നമ്പരാണ് നൗഷാദ് സ്വന്തമാക്കിയത്.

50,000 രൂപ നിരക്കു നിശ്ചയിച്ചിരുന്ന ഫാന്‍സി നമ്പരിനായി മറ്റൊരാളും അപേക്ഷ നല്‍കിയതോടെയാണ് ലേലം നടന്നത്. ലേലം ഒരുലക്ഷത്തില്‍ എത്തിയപ്പോള്‍ വീണ്ടും മുമ്പോട്ടു പോകാനൊരുങ്ങി നൗഷാദ് അഞ്ഞൂറുരൂപ കൂട്ടിവച്ചതോടെ എതിര്‍കക്ഷി പിന്‍വാങ്ങി.

ഒന്ന് എന്ന നമ്പരിന് ഒരുലക്ഷം രൂപയും 777, 999, 3333, 4444, 5555, 9999, 5000, എന്നീ നമ്പരുകള്‍ക്ക് 50,000 രൂപയുമാണ് ഗതാഗതവകുപ്പ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഒന്നില്‍ക്കൂടുതല്‍ ആവശ്യക്കാര്‍ വരുമ്പോള്‍ ലേലം നടത്തുകയാണ് പതിവ്. പലപ്പോഴും ഫാന്‍സി നമ്പറിനായി ലക്ഷങ്ങളുടെ ലേലം വിളിയാണ് നടക്കുന്നത്.