സഞ്ചാരികളേ, പതിവു ടൂറിസം സ്‍പോട്ടുകള്‍ മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കു പോകാന്‍ വ്യത്യസ്തമായ ഒരിടം. സര്‍ക്കാരിന് വെറും അഞ്ഞൂറു രൂപ നല്‍കിയാല്‍ നിങ്ങൾക്കും ജയിൽജീവിതം ആസ്വദിക്കാം. ജയിൽ ടൂറിസത്തെപ്പറ്റിയാണു പറഞ്ഞുവരുന്നത്. തെലങ്കാന സര്‍ക്കാരിന്‍റെ 'ഫീൽ ദി ജയിൽ' എന്ന വിനോദസഞ്ചാര പരിപാടിയാണ് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകുന്നത്. സംസ്ഥാനത്തെ രണ്ടുനൂറ്റാണ്ടു പഴക്കമുള്ള സംഗാറെഡ്ഡി ജയിലിലാണ് ഈ പരിപാടി. കൊളോണിയൽ കാലത്തെ തടങ്കൽപാളയത്തിന്റെ ഫീൽ അനുഭവിക്കാൻ അഞ്ഞൂറു രൂപ സർക്കാരിലേക്കടച്ചാല്‍ മതി. ഒരു രാത്രി ജയിലിനകത്തു ചെലവിടാം.
ഫീൽ ദി ജയിൽ തടവുകാരന് പഴയ രീതിയിലുള്ള യൂണിഫോം, ഒരു സ്റ്റീൽ മഗ്, പുതപ്പ്, ഒരു ബാർ സോപ്പ് എന്നിവ നല്‍കും. ഇതുമായി നേരെ സെല്ലിനകത്തേക്കു കയറുക. പ്രത്യേകം ഓര്‍ക്കുക. അകത്തു കയറിക്കഴിഞ്ഞാല്‍ വിനോദസഞ്ചാരിക്ക് കിട്ടുന്ന യാതൊരു പരിഗണനയും പിന്നെ നിങ്ങള്‍ക്കു കിട്ടില്ല. എന്തായിരുന്നോ അവിടുത്തെ തടവുകാർക്കുള്ള ആഹാരം അതുമാത്രം ലഭിക്കൂ. സെൽ ഫോണടക്കം വാർഡനു നൽകണം. ജയില്‍ മാനുവല്‍ അനുസരിച്ചുള്ള ഭക്ഷണമാകും ലഭിക്കുക. തടവുപുള്ളികള്‍ തടവറ സ്വയം വൃത്തിയാക്കണം.
സംഗാറെഡ്ഡി ജില്ലയുടെ തലസ്ഥാനത്താണ് ഈ ജയിൽ. 1796 ൽ ഹൈദരാബാദ് സുൽത്താൻ നിസാം അലി ഖാന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടം ഏറെക്കാലം നിസാമിന്റെ കുതിരാലയമായിരുന്നു. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഈ ചരിത്രഭിത്തികൾ അഴികളിട്ടുറപ്പിച്ചു ജയിൽ രൂപത്തിലാക്കി. 2012ൽ പുതിയ ജയിൽ പണികഴിപ്പിച്ചപ്പോൾ ഇരുമ്പഴികൾ അഴിച്ചുവച്ച് സംഗാറെഡ്ഡി ജയിൽ വീണ്ടും ചരിത്രസ്മാരകമാക്കി മാറ്റുകയായിരുന്നു.
പഴയ ഈ ജയിൽ ഇപ്പോൾ ഒരു മ്യൂസിയമാണ്. കഴിഞ്ഞ സെപ്തംബറിലാണ് പദ്ധതി തുടങ്ങുന്നത്. ഇപ്പോള്‍ ജയിൽ ടൂറിസത്തിനും പേരുകേട്ടിരിക്കുന്നു. മൂന്നുചുവരുകൾക്കും ഇരുമ്പഴികൾക്കുമിടയിലെ ഏകാന്തജീവിതം അറിയാനായി നിരവധി പേര്‍ സംഗാറെഡ്ഡിയിലെത്തുന്നുണ്ട്.
