ലണ്ടന്‍: ഫെരാരിയുടെ ആദ്യ മോഡല്‍ ലേലത്തിന്. 1966 ല്‍ നിര്‍മ്മിച്ച പ്രോട്ടോ ടൈപ്പ് ഫെറാറി 275 ജിടിബി മോഡലാണ് ലേലത്തിന് വച്ചിരിക്കുന്നത്. 3.2 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വില വരുന്ന കാറിന്റെ ലേലം ഈ മാസം 18 ന് യുകെയിലാണ് നടക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ റോയല്‍ ഹോള്‍ട്ടികള്‍ച്ചറല്‍ ഹാളില്‍ പ്രശസ്ത ലേല നടത്തിപ്പുകാരായ കോയ്‌സിന്‍റെ നേതൃത്തിലാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
ഫെറാരിയുടെ ഏറ്റവും മനോഹരമായ 12-സിലിണ്ടര്‍ കാറായാണ് ഈ 4-കാമിനെ (ഫെറാരി 275 ജിടിബി/4) എല്ലായ്‌പ്പോഴും കരുതുന്നതെന്ന് കോയ്‌സ് അധികൃതര്‍ പറയുന്നു. ഷാസി നമ്പര്‍ ഒന്ന് രേഖപ്പെടുത്തിയ, 1966 ലെ പാരിസ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്ത, ഫെറാരി 275 ജിടിബി/4 യുടെ ഫാക്റ്ററി പ്രോട്ടോടൈപ്പാണിത്.
ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്ന 1966ല്‍ നിര്‍മ്മിച്ച ഈ കാര്‍ അമേരിക്കക്കാരനായ ഗോര്‍ഡന്‍ വാള്‍ക്കര്‍ വാങ്ങിയതോടെയാണ് അമേരിക്കയിലെത്തുന്നത്. 1983 ല്‍ ഫെറാരി സൗത്ത് യുഎസ്എ 275 ജിടിബി/4 വില്‍പ്പനയ്ക്ക് വെയ്ക്കുന്നതുവരെ ഈ കാര്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.
1983 മുതല്‍ കാര്‍ ലോകത്ത് ഫെറാരി കാറുകളുടെ ഏറ്റവും വിപുലമായ ശേഖരം സൂക്ഷിക്കുന്ന ആല്‍ബര്‍ട്ട് ഒബ്രിസ്റ്റിന്റെ സ്വിസ് കളക്ഷന്റെ ഭാഗമായി. ഫെറാരി 275 സീരീസിലെ ലക്ഷണമൊത്ത കാര്‍ എന്നതിനാലാണ് ഒബ്രിസ്റ്റ് ഫെറാരി 275 ജിടിബി/4 യെ തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയത്.
തുടര്‍ന്ന് അദ്ദേഹം കാര്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാര്‍ കളക്ഷന് കൈമാറി. വിലമതിക്കാനാവാത്ത മറ്റ് വാഹനങ്ങള്‍ക്കൊപ്പം 2000 ത്തിന്റെ തുടക്കം വരെ ഫെറാരി 275 ജിടിബി/4 ഇവിടെ ആയിരുന്നു. 2004 ല്‍ കോയ്‌സ് തന്നെയാണ് മൊണാക്കോയില്‍ സംഘടിപ്പിച്ച ലേലത്തിലൂടെ ഇപ്പോഴത്തെ ഉടമക്ക് കാര്‍ വില്‍ക്കുന്നത്.
