
അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നു പിന്‍വാങ്ങുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വന്‍ ഓഫറുകളുമായി ഷെവര്‍ലെ. ഡിസംബറോടെ വിപണിയില്‍ നിന്നു പിന്‍മാറുന്ന കമ്പനി സ്റ്റോക്കുള്ള വാഹനങ്ങള്‍ക്കു വന്‍ ഓഫറുകളാണ് നല്‍കുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നല്‍കുമ്പോള്‍ പ്രീമിയം സെഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റു വാങ്ങാൻ സാധിക്കുമെന്ന് ചുരുക്കം. ദേശീയ ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടല്‍ ഗാഡിവാഡിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലാണ് ഡിസ്‍കൗണ്ട്. ക്രൂസിനും എസ്‌യുവിയായ ട്രെയില്‍ബ്ലേസറിനും 4 ലക്ഷം മുതലുമാണ് കമ്പനി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ടുകള്‍. മെയ് 18നാണ് ജനറല്‍ മോട്ടോഴ്സ് ഇന്ത്യ വിടുന്നതായി പ്രഖ്യാപിച്ചത്. ഡിസംബറോടെ പിന്മാറ്റം പൂര്‍ണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറിയാലും സര്‍വീസ് നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടായിരിക്കുമെന്ന ഉറപ്പും ഷെവര്‍ലെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നുണ്ട്.

പ്രധാന നഗരങ്ങളിലെല്ലാം സര്‍വീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് ലഭ്യതകുറവുണ്ടാവില്ല എന്നും കമ്പനി ഉറപ്പുനല്‍കുന്നു.

എന്നാല്‍ ഈ വാഹനങ്ങളുടെ വില്‍പന രാജ്യാന്തര വിപണിയില്‍ നിന്നു പിന്‍വലിക്കുകയോ പുതിയ മോഡലുകള്‍ പുറത്തിറക്കുകയോ ചെയ്താല്‍ ഒരുപക്ഷേ പണി കിട്ടുന്നതും ഉപഭോക്താക്കള്‍ക്ക് തന്നെയാവും.
