ദില്ലി: ഇന്ത്യ യിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവ്വീസ് തേജസ്സ് എക്സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചു. തീവണ്ടിയുടെ കന്നിയാത്ര ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്തു

നിലവില്‍ ഐആർസിടിസിയ്ക്കാണ് ട്രെയിനിന്‍റെ നടത്തിപ്പ് ചുമതല. ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി റെയില്‍വേ വിട്ടു നല്‍കും.  1280 മുതൽ 4325 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. 

ലക്നൗ-ദില്ലി പാതയില്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട് ഓടിയെത്തുന്ന തീവണ്ടിയാവും ഇത്. ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചും ഒന്‍പത് ചെയര്‍കാര്‍ കോച്ചുകളും തീവണ്ടിയിലുണ്ടാവും. ഒരേസമയം 758 യാത്രക്കാരെ വഹിക്കാനും തീവണ്ടിക്കാവും. ലക്നൗ-ദില്ലി തേജസ് എക്സ്പ്രസ്സിലെ എല്ലാ യാത്രക്കാര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. യാത്രക്കാര്‍ക്കായി ചായ, കോഫി, കുടിവെള്ളം എന്നിവ തീവണ്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്. 

ഇതിനെല്ലാം പുറമേ തീവണ്ടി വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും എന്നതാണ് തേജസ് എക്സ്പ്രസ്സിന്‍റെ മുഖ്യആകര്‍ഷണം. തീവണ്ടി ഒരു മണിക്കൂറിലേറെ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയും യാത്രക്കാരന് നഷ്ടപരിഹാരമായി റെയില്‍വേ നല്‍കും.