കാര്‍ ഒരു ആഡംബരമല്ല. നിങ്ങള്‍ക്ക് ആവശ്യമാണ് എന്നുണ്ടെങ്കില്‍ മാത്രമേ കാര്‍ വാങ്ങുന്നതിനെപ്പറ്റി ചിന്തിക്കാവൂ. പരസ്യങ്ങളുടെയും ഡീലര്‍മാരുടെയും പ്രലോഭനങ്ങളെ മാറ്റി നിര്‍ത്തി ബജറ്റ് തയ്യാറാക്കുക. വായ്പയെടുത്താണ് കാര്‍ വാങ്ങുന്നതെങ്കില്‍ പ്രതിമാസവരുമാനത്തിന്റെ പത്തു ശതമാനത്തിനുള്ളില്‍ കാറിന്റെ ഇഎംഐ-മെയിന്റനന്‍സ് ചെലവുകള്‍ നിര്‍ത്താന്‍ കഴിയണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതായത്, 10,000 രൂപ വരുമാനമുള്ള വ്യക്തി കാറിനായി പ്രതിമാസം 1000 രൂപയേ ചെലവഴിക്കാവൂ. അല്ലെങ്കില്‍ കുടുംബ ബജറ്റ് താളം തെറ്റും. ബജറ്റ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. ഇ എം ഐ
കാര്‍ വാങ്ങുമ്പോള്‍ ആദ്യം നല്കുന്ന തുക അഥവാ ഡൗണ്‍ പേയ്‌മെന്റും വായ്പയെടുത്തിരിക്കുന്ന ബാങ്കിന് പ്രതിമാസം നല്കുന്ന ഇഎംഐയും (ഈക്വല്‍ മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) മാത്രമേ സാധാരണയായി ബജറ്റില്‍ ഉള്‍പ്പെടാറുള്ളൂ. കാറിനു വേണ്ടി വരുന്ന റണ്ണിങ് കോസ്റ്റി (ഇന്ധനം, മെയിന്റനന്‍സ് ചെലവ്)നെപ്പറ്റി ചിന്തിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ഇത് പലപ്പോഴും ഇഎംഐയെക്കാള്‍ കൂടുതലായിരിക്കും എന്നതാണ് യാഥാര്‍ഥ്യം.

2. ടാക്സും ഇന്‍ഷുറന്‍സും
ടാക്സും ഇന്‍ഷുറന്‍സുമൊക്കെയായി നീളുന്ന ചിലവുകളും റണ്ണിംഗ് കോസ്റ്റിനൊപ്പം മുന്‍കൂട്ടി കാണണം. റണ്ണിങ് കോസ്റ്റിന്റെ കാര്യത്തില്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന രണ്ട് കാര്യങ്ങളാണ് ടാക്‌സും ഇന്‍ഷുറന്‍സും. പുതിയ കാറുകള്‍ക്ക് 15 വര്‍ഷത്തേക്കാണ് ടാക്‌സ് അടയ്‌ക്കേണ്ടത്. ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്കും. 3 ലക്ഷം രൂപ വിലയുള്ള കാറിന് ടാക്‌സ് 10,000 രൂപയിലേറെ വരും. ഇന്‍ഷുറന്‍സ് പ്രതിവര്‍ഷം 5000 രൂപയ്ക്കു മേലേയും.

3. റണ്ണിംഗ് കോസ്റ്റ്
വാങ്ങുന്ന കാറിന്റെ വില 3 ലക്ഷം രൂപയാണെന്നു കരുതുക. 50,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്കി, 2.5 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ പ്രതിമാസം 5000 രൂപയിലേറെ ഇഎംഐ അടയ്ക്കണം. ഇനി റണ്ണിങ് കോസ്റ്റ് നോക്കുക: ഇത് ഒരു മാസം ഏകദേശം 4000 രൂപയോളമാകും. മെയിന്റനന്‍സ് ചെലവും സ്‌പെയര്‍പാര്‍ട്‌സ് ചെലവും വേറെ. ഓട്ടത്തിനിടയില്‍ ആക്‌സിഡന്റ് എന്തെങ്കിലും സംഭവിച്ചാല്‍, ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍പ്പോലും റിപ്പയറിങ്ങിന്റെ ചെറിയൊരു ശതമാനം വാഹന ഉടമ നല്കണം. ആ ചെലവും മനസ്സില്‍ കാണണം.

4. ഫിക്സഡ് ഇ എം ഐ

ബാങ്ക് ഏതെന്നു തീരുമാനിക്കുന്നതിനു മുമ്പ് ഇഎംഐയെക്കുറിച്ച് അറിഞ്ഞിരിക്കണം. ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക. ചില ബാങ്കുകളിൽ മറ്റൊരു സൗകര്യമുണ്ട്. ഇഎംഐ ഫിക്സഡ് ആയിരിക്കില്ല. അതായത് ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി കയ്യിലെത്തി എന്നു കരുതുക. ഈ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. ഇനി തൊട്ടടുത്ത മാസം അയ്യായിരമേ അടയ്ക്കാൻ പറ്റിയൂള്ളൂ എങ്കിലും കുഴപ്പമില്ല.

5. പലിശ- ഫ്ലാറ്റോ ഡിമിനിഷിങ്ങോ

ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. അതായത്ഒരു ലക്ഷത്തിൽ അമ്പതിനായിരവും അടച്ചു കഴിഞ്ഞെങ്കിലും അടുത്ത മാസവും ഒരു ലക്ഷത്തിന്റെ പലിശയാണ് അടയ്ക്കേണ്ടി വരുക. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ അമ്പതിനായിരത്തിന്റെ പലിശ മാത്രമേ തുടർന്ന് അടയ്ക്കേണ്ടി വരുകയുള്ളൂ. ഡിമിനിഷിങ് പലിശ നിരക്കുള്ള ബാങ്ക് വായ്പ തിരഞ്ഞെടുക്കുന്നതാവും ഉചിതം.