ദില്ലി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നൂതന ഉപഭോക്തൃ ലോയാലിറ്റി പരിപാടിയായ ഹോണ്ട ജോയ് ക്ലബില്‍ അഞ്ചു ലക്ഷം പേര്‍ അംഗങ്ങളായി. 2018ല്‍ ഹോണ്ട ജോയ് ക്ലബ് ആരംഭിച്ചത് മുതല്‍ മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അംഗങ്ങളുടെ എണ്ണം നാലു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായത് വെറും 90 ദിവസം കൊണ്ടാണ്.

ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹോണ്ട ഈ ഉല്‍സവ കാലത്ത് എല്ലാ പുതിയ ഉപഭോക്താക്കളെയും അംഗങ്ങളാക്കുകയാണ്. ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും മികച്ച സ്വീകരണം ലഭിച്ചതിന്റെ സന്തോഷത്തിലാണെന്നും 2018ല്‍ ആരംഭിച്ച പരിപാടിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം അംഗങ്ങളെയാണ് കൂട്ടിചേര്‍ക്കാനായതെന്നും ഈ ആഘോഷത്തിന്റെ ഭാഗമായി ഒരുപാട് നേട്ടങ്ങള്‍ ലഭിക്കുന്ന ഈ അംഗത്വം എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും നല്‍കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഇന്ത്യന്‍ ടൂ വീലര്‍ വ്യവസായത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെയും ഏറ്റവും വലുതുമാണ് ഡിജിറ്റല്‍ ലോയാലിറ്റി പരിപാടിയായ 'ഹോണ്ട ജോയ് ക്ലബ്'. മികച്ച ഡീലര്‍മാരുടെ സന്തോഷത്തോടൊപ്പം ഹോണ്ട ടൂവീലര്‍ ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയ സര്‍വീസുകളും ഞെട്ടിക്കുന്ന ഇളവുകളും സമാനതകളില്ലാത്ത മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി പ്രത്യേകം ഒരുക്കിയതാണ് പരിപാടി.