ദില്ലി: റോഡിലെ ശക്തമായ പുകമഞ്ഞിനെ തുടര്‍ന്ന് ആഗ്ര-നോയിഡ യമുന എക്‌സ്പ്രസ്സ് ഹൈവേയില്‍ 18 കാറുകള്‍ പരസ്‍പരം കൂട്ടിയിടിച്ചു. അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒന്നിന് പിറകേ ഒന്നായി കാറുകള്‍ വന്ന് കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം. പകല്‍ സമയത്ത് മഞ്ഞിന്റെ കാഠിന്യം കൂടിയതോടെയാണ് കാറുകള്‍ ഒന്നിന് പിറകേ ഒന്നായി കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ മറ്റ് വാഹനങ്ങള്‍ തുടരെ തുടരെ വന്ന് ഇടിക്കുന്നതും വീഡിയോയിലുണ്ട്. അപകടങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യവസായശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ പുകയും ചേര്‍ന്നാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ പുകമഞ്ഞ് പടരാന്‍ കാരണം. ഇരുപത് മീറ്റര്‍ അടുത്തുള്ളയാളെ വരെ കാണാന്‍ സാധിക്കാത്ത വിധം ഡല്‍ഹിയെ മൂടിയ പുകമഞ്ഞിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്കെല്ലാം മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.