ഇടമുളക്കൽ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണിത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രകൃതി സൗഹൃദ ടൂറിസം മേഖലയായി പ്രഖ്യാപിച്ച പ്രദേശം കൂടിയാണിത്.
കൊല്ലം അഞ്ചലിൽ നിന്നും കേവലം 6 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മലമേൽ പാറ. ഇടമുളക്കൽ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണിത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രകൃതി സൗഹൃദ ടൂറിസം മേഖലയായി പ്രഖ്യാപിച്ച പ്രദേശം കൂടിയാണിത്. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് മനസ്സിന് കുളിർമയേകാൻ പാറയിലേക്ക് വരുന്നവർ നിരവധിയാണ്. മലമേൽ പാറയിലെ രാവിലെകൾക്കും വൈകുന്നേരങ്ങൾക്കും എന്തെന്നില്ലാത്ത സൗന്ദര്യമാണ്.
പ്രസിദ്ധമായ അമ്പലപ്പാറയിലാണ് ഇരുമ്പൂഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രകൃതിയോടൊപ്പം ദൈവീകമായ അന്തരീക്ഷവും മനസ്സിന് സമാധാനം പ്രധാനം ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് മലമേൽ ഇരുമ്പൂഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രം. ഇവിടം വനപ്രദേശം അല്ല, എന്നാൽ ധാരാളം മരങ്ങൾ ഇവിടെയുണ്ട്; ഒപ്പം ഔഷധസസ്യങ്ങളും.
മലമേൽ പാറയിൽ ഏറ്റവും ആകർഷണീയം നാടുകാണി പാറയും കുടപ്പാറയുമാണ്. ഇവിടേക്കുള്ള യാത്ര ഒരല്പം സാഹസികമാണെങ്കിലും പ്രകൃതി ഒരുക്കിയ ഈ വിരുന്ന് കാണാൻ ഒട്ടനേകം ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. മുകളിൽ നിന്നാൽ ചടയമംഗലം ജഡായു പാറയും മരുതി മലയും കാണാം. മുതിർന്നവർക്ക് 20 രൂപ, കുട്ടികൾക്ക് 10 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.


