ഫോഴ്സ് ഗൂര്‍ഖയെയും പട്ടാളത്തിലെടുത്തു
ജിപ്സിയുടെ സ്ഥാനത്തേക്ക് ടാറ്റ സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തതിനു പിന്നാലെ പുണെ ആസ്ഥാനമായ ഫോഴ്സ് മോട്ടോഴ്സിന്റെ വാഹനങ്ങളും കരസേനയുടെ ഭഗമാകുന്നു.
ലഘു ആക്രമണ വാഹനങ്ങൾ ലഭ്യമാക്കാനുള്ള കരാർ കടുത്ത മത്സരത്തിനൊടുവിലാണ് ഫോഴ്സ് മോട്ടോഴ്സ് സ്വന്തമാക്കിയത്. അതിവേഗം പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയുംവിധം രൂപകൽപ്പന ചെയ്ത വാഹനങ്ങൾക്ക് ഏതു സാഹചര്യത്തിലും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം. ഉയർന്ന വേഗം, സ്ഥിരത, ഫോർ ബൈ ഫോർ ലേ ഔട്ട് തുടങ്ങിയവയോടെ എത്തുന്ന വാഹനത്തിനു പഞ്ചറായാലും ഓട്ടം തുടരാൻ സാധിക്കും. റോക്കറ്റ് ലോഞ്ചറും യന്ത്രത്തോക്കുമൊക്കെ ഘടിപ്പിക്കാനുമാവും.
50 ഡിഗ്രിയിലേറെ താപനിലയുള്ള രാജസ്ഥാനിലും മൈനസ് 30 ഡിഗ്രിയോളം താഴുന്ന ഹിമാലയൻ മേഖലയിലെ കൊടുംതണുപ്പിലുമായിരുന്നു സൈന്യം പുതിയ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്.
