യന്ത്രത്തകരാര്‍ ഈ കാറുകളെ തിരികെ വിളിക്കുന്നു

നിർമ്മാണപ്പിഴവ് മൂലം ഇന്ത്യയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നു. മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമിലാണ് നിര്‍മ്മാണപ്പിഴവ്. 4,379 ഇക്കോസ്‌പോര്‍ട് എസ്‌യുവികളിലാണ് പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത് കഴിഞ്ഞ മെയ്, ജൂലായ് കാലത്ത് ചെന്നൈ നിര്‍മ്മാണശാലയില്‍ നിർമ്മിച്ച വാഹനങ്ങളാണ് ഇവ.

മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമുകള്‍ക്ക് കമ്പനി അനുശാസിക്കുന്ന വെല്‍ഡിംഗ് ദൃഢതയില്ലാത്തതാണ് കാരണം വാഹനത്തിന്റെ സ്റ്റിയറിങ് നിയന്ത്രണത്തെ ബാധിച്ചേക്കാമെന്ന് കമ്പനി ഭയക്കുന്നു. ഇതാണ് അടിയന്തിര തിരിച്ചുവിളിക്കുള്ള പ്രധാനകാരണം.

അതുപോലെ വരുംദിവസങ്ങളില്‍ കഴിഞ്ഞ വര്‍ഷം നവംബറിനും ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച 1,018 ഇക്കോസ്‌പോര്‍ട് ഉടമകളെ കൂടി കമ്പനി ബന്ധപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍നിര സീറ്റ് റിക്ലൈനര്‍ ലോക്കുകളിലുള്ള തകരാര്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിക്കും. നിര്‍മ്മാണപ്പിഴവുകള്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2017ല്‍ യുഎസിലും കാനഡയിലും വില്‍പ്പന നടത്തിയ 52,000 വാഹനങ്ങളെ ഫോര്‍ഡ് തിരികെ വിളിച്ചിരുന്നു.