പഴയ കാർ മാറ്റി പുതിയതു വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യവുമായി യു എസ് വാഹന നിർമാതാക്കളായ ഫോഡ്. ഇങ്ങനെ വാഹനം മാറ്റുന്നവര്‍ക്ക് ബ്രിട്ടനിൽ 2,000 പൗണ്ട്(ഏകദേശം 1.64 ലക്ഷം രൂപ) ആണു ഫോഡിന്റെ വാഗ്ദാനം. ഈ വർഷം ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്യുന്ന കാർ ഉടമകൾക്കാണ് ഫോഡ് ഈ ആനുകൂല്യം നല്‍കുന്നത്. ഏറ്റെടുക്കുന്ന പഴയ കാറുകൾ ഫോഡ് പൊളിച്ചു വിൽക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിറര്‍ പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തത്.
പരിസ്ഥിതി മലിനീകരണത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണു പുതിയ പദ്ധതി. പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ പിൻവലിക്കാനുള്ള നടപടി ഊർജിതമാക്കുന്നത് അന്തരീക്ഷ വായുവിന്റെ നിലവാരത്തിൽ ഗണ്യമായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഫോഡ് ബ്രിട്ടൻ മാനേജിങ് ഡയറക്ടർ ആൻഡി ബാരറ്റിന്റെ പ്രതീക്ഷ. പഴയ വാഹനങ്ങൾക്കു പകരം പുതിയവ നിരത്തിലെത്തുന്നതോടെ കാർബൺ ഡയോക്സൈഡ് മലിനീകരണത്തിൽ പ്രതിവർഷം 1.50 കോടി ടണ്ണിന്റെ കുറവുണ്ടാവുമെന്നാണു ഫോഡിന്റെ കണക്ക്. പരിസ്ഥിതിക്കു സാരമായ നാശം വരുത്തുന്ന ഡീസൽ എൻജിനുകളോടാണു യൂറോപ്യൻ രാജ്യങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയിരിക്കുന്നത്.
