മത്സരത്തിനിടെ കാറിടിച്ച് മെക്കാനിക്കിന്റെ കാലൊടിഞ്ഞു
ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ബഹ്റൈൻ ഗ്രാൻപ്രിക്കിടെ കാർ ഇടിച്ചു മെക്കാനിക്കിനു പരുക്കേറ്റു. പിറ്റ്സ്റ്റോപ്പിനിടെ ഇറ്റാലിയൻ ടീമായ ഫെറാരിയുടെ ഫിന്നിഷ് ഡ്രൈവറായ കിമി റൈക്കോണന്റെ കാർ ഇടിച്ചാണു ഫെറാരിയുടെ തന്നെ മെക്കാനിക്കിന്റെ കാലൊടിഞ്ഞത്.
റൈക്കോണന്റെ കാറിന്റെ പിന്നിലെ ഇടതുഭാഗത്തെ ടയർ മാറാൻ നിയോഗിക്കപ്പെട്ട ഫ്രാൻസെസ്കൊ എന്ന മെക്കാനിക്കാണ് അപകടത്തിൽപെട്ടത്. സിഗ്നൽ ലഭിച്ചയുടൻ മുന്നോട്ടെടുത്ത കാർ മെക്കാനിക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഫെറാരിക്ക് അരലക്ഷം യൂറോ (ഏകദേശം 39.88 ലക്ഷം രൂപ) പിഴശിക്ഷ വിധിച്ചു.
എന്നാല്‍ പച്ച ലൈറ്റ് തെളിയായതിനെ തുടർന്നാണു താൻ കാർ മുന്നോട്ടെടുത്തതെന്നു റൈക്കോണൻ പറയുന്നു. പിന്നിൽ എന്താണു നടക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും ദൗർഭാഗ്യവശാൽ മെക്കാനിക്കിനു പരുക്കേറ്റെന്നും 2007ലെ ഫോർമുല വൺ ലോക ചാംപ്യനായ റൈക്കണൻ വിശദീകരിക്കുന്നു. അപകടം നടക്കുമ്പോൾ ട്രാക്കിൽ മൂന്നാം സ്ഥാനത്തായിരുന്ന റൈക്കോണൻ സംഭവത്തെ തുടർന്നു പിറ്റ്ലൈനിൽ വച്ചു മത്സരത്തിൽ നിന്നു വിരമിച്ചു.

