ഫുൾ ചാർജ്ജിൽ 500 കിമി, 3.2 സെക്കൻഡിൽ 100 കിമി! അമ്പരപ്പിക്കും ഇലക്ട്രിക് സ്‌പോർട്‌സ് കാർ, എംജി സൈബർസ്റ്റർ
എംജി സൈബർസ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും. ഡെലിവറികൾ ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എംജി സെലക്ട് പ്രീമിയം ഷോറൂമുകൾ വഴി വിൽക്കുന്ന ബ്രാൻഡിൻ്റെ ആദ്യ ഓഫറായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ

ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അതിൻ്റെ വരാനിരിക്കുന്ന രണ്ട് പ്രീമിയം ഓഫറുകൾ 2025 ഭാരത് മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചു. സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ്‌കാറും M9 ഇലക്ട്രിക് എംപിവിയും. എംജി സൈബർസ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും. ഡെലിവറികൾ ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എംജി സെലക്ട് പ്രീമിയം ഷോറൂമുകൾ വഴി വിൽക്കുന്ന ബ്രാൻഡിൻ്റെ ആദ്യ ഓഫറായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ ചുവപ്പ്, മഞ്ഞ, വെള്ള, ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സൈബർസ്റ്റർ വാഗ്‍ദാനം ചെയ്യുന്നത്. ഇതിൻ്റെ യൂറോപ്പ്-സ്പെക്കിന് ആറ് വ്യത്യസ്ത ഷേഡുകൾ ലഭിക്കുന്നു. ഈ സ്‌പോർട്‌സ് കാറിൻ്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4,533 എംഎം, 1,912 എംഎം, 1,328 എംഎം എന്നിങ്ങനെയാണ്.
77kWh ബാറ്ററി പാക്കും AWD (ഓൾ-വീൽ ഡ്രൈവ്) സജ്ജീകരണത്തോടുകൂടിയ ഡ്യുവൽ ഇലക്ട്രിക് മോട്ടോറും ഉൾക്കൊള്ളുന്ന സ്‌പോർട്‌സ് കാറിൻ്റെ ടോപ്പ്-എൻഡ് വേരിയന്‍റാണ് എംജി പ്രദർശിപ്പിച്ചത്. ഇത് 510 bhp കരുത്തും 725 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.2 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സൈബർസ്റ്ററിന് കഴിയും. ചൈന ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ പ്രകാരം ഫുൾ ചാർജ്ജിൽ 580 കിമീ ദൂരമാണ് അവകാശപ്പെടുന്ന റേഞ്ച്. ആഗോള വിപണികളിൽ, റിയർ ആക്‌സിൽ ഘടിപ്പിച്ച 308 ബിഎച്ച്‌പി ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 64kWh ബാറ്ററി പാക്കിലും ഈ കാർ ലഭ്യമാണ്. ടോപ്പ് എൻഡ് വേരിയൻ്റ് മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഈ ചെറിയ ബാറ്ററി പതിപ്പ് ഇന്ത്യയിലേക്ക് എത്തിയേക്കാം.
എംജി സൈബർസ്റ്റർ ഒരു ഓപ്പൺ-ടോപ്പ്, ടു-ഡോർ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ്. 1960കളിലെ എംജി ബി റോഡ്‌സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എംജി സൈബർസ്റ്ററിൻ്റെ രൂപകൽപ്പന. റെട്രോ ലുക്കിനൊപ്പം ആധുനിക സാങ്കേതികവിദ്യയും ഈ കാറിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സീൽ ചെയ്ത നോസ്, എയർ ഇൻടേക്കുകൾ, സ്വെപ്‌റ്റ്ബാക്ക് ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് പാറ്റേണുള്ള കോണ്ടൂർഡ് ബമ്പർ എന്നിവയാൽ മുൻഭാഗം വളരെ മനോഹരമായി കാണപ്പെടുന്നു. സ്റ്റാൻഡേർഡ് 20 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം വ്യത്യസ്‍തമായ വാതിലുകളും പുതിയ എംജി സ്‌പോർട്‌സ് കാറിനുണ്ട്. പിന്നിൽ, എൽഇഡി ലൈറ്റ് സ്ട്രിപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന അമ്പടയാള ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും ബ്ലാക്ക് ഫിനിഷിലുള്ള ബമ്പർ ഇൻ്റഗ്രേറ്റഡ് സ്പ്ലിറ്റ് ഡിഫ്യൂസറും ഇതിലുണ്ട്.
ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്‌ട്രുമെൻ്റേഷനുമുള്ള മൂന്ന് സ്‌ക്രീൻ ഡിജിറ്റൽ ഡിസ്‌പ്ലേ ക്യാബിനിനുള്ളിൽ മധ്യഭാഗത്ത് എത്തുന്നു. വലിയ ഡിസ്‌പ്ലേയുടെ ഇരുവശത്തുമായി 7 ഇഞ്ച് സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. അഷ്ടഭുജാകൃതിയിലുള്ള 'എംജി' ലോഗോയുള്ള ഒരു ഫ്ലാറ്റ്-ബോട്ടം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് ഉണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട്, ടച്ച്-ഓപ്പറേറ്റഡ് എച്ച്‍വിഎസി സിസ്റ്റം, ബട്ടർഫ്ലൈ ഡോറുകൾക്കുള്ള മൂന്ന് കീകൾ, ഫോൾഡിംഗ് റൂഫ് തുടങ്ങിയ ഫീച്ചറുകളും അതിൻ്റെ മറ്റ് ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.