മാരുതി സുസുക്കി തങ്ങളുടെ പുതിയ എസ്‌യുവിയായ വിക്ടോറിസിന്റെ വില പ്രഖ്യാപിച്ചു. 10.49 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ഈ വാഹനം സ്മാർട്ട് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, സിഎൻജി വേരിയന്റുകളിൽ 21 വേരിയന്റുകളിലായി ലഭ്യമാണ്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്തിടെ അവരുടെ പുതിയ എസ്‌യുവി മാരുതി വിക്ടോറിസ് എസ്‌യുവി അവതരിപ്പിച്ചു. ഇപ്പോൾ കമ്പനി ഈ എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു. ആകർഷകമായ രൂപവും നൂതന സവിശേഷതകളും ഉൾക്കൊള്ളുന്ന പുതിയ മാരുതി വിക്ടോറിസിന്റെ അടിസ്ഥാന വേരിയന്റിന് 10,49,900 രൂപയാണ് എക്സ്-ഷോറൂം വില. മാരുതി വിക്ടോറിസ് 21 വേരിയന്റുകളിൽ വിവിധ പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, ഇ-സിവിടിയോടുകൂടിയ സ്ട്രോംഗ് ഹൈബ്രിഡ്, ആൾഗ്രിപ്പ് സെലക്ട് ഓൾ-വീൽ ഡ്രൈവ്, എസ്-സിഎൻജി വേരിയന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അടിസ്ഥാന സ്‍മാർട്ട് ഹൈബ്രിഡ് മാനുവൽ വേരിയന്റിന് 10,49,900 രൂപയും ടോപ്പ്-എൻഡ് സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 19,98,900 രൂപയുമാണ് വില. അതേസമയം, അതിന്റെ സിഎൻജി വേരിയന്റിന്റെ പ്രാരംഭ വില 11,49,900 രൂപയുമാണ്.

10 കളർ ഓപ്ഷനുകളോടെയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 7 സിംഗിൾ-ടോൺ, 3 ഡ്യുവൽ-ടോൺ കോമ്പിനേഷനുകൾ ഉൾപ്പെടുന്നു. മാരുതി സുസുക്കിയുടെ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിലൂടെയും ഉപഭോക്താക്കൾക്ക് ഈ എസ്‌യുവി വാങ്ങാം. വാഹനത്തിന്റെ വില, രജിസ്ട്രേഷൻ, അറ്റകുറ്റപ്പണി, ഇൻഷുറൻസ്, റോഡ് സഹായം എന്നിവ ഉൾപ്പെടെ 27,707 രൂപയിൽ നിന്നാണ് ഇതിന്റെ പ്രതിമാസ ഫീസ് ആരംഭിക്കുന്നത്. മാരുതിയുടെ വരാനിരിക്കുന്ന ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഡിസൈൻ ശൈലിയിലാണ് വിക്ടോറിസ് വരുന്നത്. മുൻവശത്ത്, ക്രോം സ്ട്രിപ്പുള്ള നേർത്ത ഗ്രിൽ കവറുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ വിക്ടോറിസിന്റെ സവിശേഷതയാണ്. നിലവിലുള്ള ഗ്രാൻഡ് വിറ്റാരയേക്കാൾ അല്പം വലിപ്പം കൂടുതലാണ് ഇതിന്. ഇതിന്റെ നീളം 4,360 എംഎം, വീതി 1,795 എംഎം, ഉയരം 1,655 എംഎം, വീൽബേസ് 2,600 എംഎം എന്നിവയാണ്. അതായത് ഗ്രാൻഡ് വിറ്റാരയേക്കാൾ (4,345 mm) നീളം കൂടുതലാണ് മാരുതി വിക്ടോറിസിന്. 17 ഇഞ്ച് അലോയ് വീലുകളാണ് ഇതിനുള്ളത്.

മാരുതി വിക്ടോറിസ് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 103 കുതിരശക്തി നൽകുന്ന 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, 116 കുതിരശക്തി നൽകുന്ന 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ് ഹൈബ്രിഡ് സജ്ജീകരണം, 89 കുതിരശക്തി നൽകുന്ന 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോങ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ 5 സീറ്റർ എസ്‌യുവിയുടെ മാനുവൽ വേരിയന്റ് ലിറ്ററിന് 21.18 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് വേരിയന്റ് 21.06 കിലോമീറ്റർ മൈലേജും, ഓൾ-വീൽ-ഡ്രൈവ് വേരിയന്റ് 19.07 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ സിഎൻജി വേരിയന്റ് കിലോഗ്രാമിന് 27.02 കിലോമീറ്റർ മൈലേജും നൽകുന്നു.

സുരക്ഷയുടെ കാര്യത്തിലും മാരുതി വിക്ടോറിസ് വളരെ മികച്ചതാണ് . ഗ്ലോബൽ NCAP, ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് NCAP) എന്നിവയിൽ ഈ എസ്‌യുവിക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. സുരക്ഷയ്ക്കായി, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ചേഞ്ച് അലേർട്ടുള്ള ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഫ്രണ്ട് പാസ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്.

ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് സിസ്റ്റത്തോടുകൂടിയ 26.03 സെന്റീമീറ്റർ (10.25 ഇഞ്ച്) പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെഗ്‌മെന്റ്-ഫസ്റ്റ് സ്മാർട്ട് പവർഡ് ടെയിൽഗേറ്റ് (ജെസ്റ്റർ കൺട്രോളോടെ), 64-കളർ ആംബിയന്റ് ലൈറ്റിംഗ്, അലക്‌സ വോയ്‌സ് അസിസ്റ്റന്റ് പിന്തുണ എന്നിവയും ഈ എസ്‌യുവിയുടെ സവിശേഷതയാണ്. . ഈ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 22 മുതൽ വിൽപ്പന ആരംഭിക്കും.