യുഎസ് ഭരണകൂടത്തിൽ വലിയ മാറ്റങ്ങൾ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജിനെ പുറത്താക്കി. ഇതിന് പിന്നാലെ, പ്രവർത്തനങ്ങളിലെ അതൃപ്തി ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറ്റോർണി ജനറൽ പാം ബോണ്ടിയെയും സ്ഥാനത്ത് നിന്ന് നീക്കി.
വാഷിങ്ടൺ : യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജിനെ പുറത്താക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് സൈന്യത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ റാൻഡി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് പുറത്താക്കൽ. ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് ട്രമ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിത തീരുമാനം
2023 ഓഗസ്റ്റ് മുതൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് പദവി വഹിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷം ഹെഗ്സെത്ത് അധികാരമേറ്റ ശേഷം പുറത്താക്കുന്ന പത്താമത്തെ മുതിർന്ന ജനറലാണ് ഇദ്ദേഹം. ഒന്നാം ഗൾഫ് യുദ്ധത്തിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇൻഫൻട്രി ഓഫീസറാണ്. 2021 മുതൽ 2022 വരെയുള്ള ബൈഡൻ ഭരണകാലത്ത് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ചീഫ് മിലിട്ടറി എയ്ഡായും പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കയുടെ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്ത് നിന്ന് നീക്കി
അമേരിക്കയുടെ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കൽ. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതടക്കം ബോണ്ടിയുടെ പ്രവർത്തനങ്ങളിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്രിമിനൽ കേസ് നേരിടണമെന്ന് ട്രംപ് ആഗ്രഹിച്ച തന്റെ ശത്രുക്കൾക്കും വിമർശകർക്കുമെതിരെ കേസ് നടത്തുന്നതിൽ ബോണ്ടി വേഗത്തിൽ നടപടി എടുക്കാത്തതിലും അദ്ദേഹത്തിന് അമർഷമുണ്ടായിരുന്നു. ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയ്ക്കാണ് അറ്റോർണി ജനറലിന്റെ താൽക്കാലിക ചുമതല.


