ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ബിവൈഡി, 2025 സെപ്റ്റംബറിൽ യുകെ വിപണിയിൽ 880 ശതമാനം വിൽപ്പന വർധനവ് രേഖപ്പെടുത്തി. 11,271 യൂണിറ്റുകൾ വിറ്റഴിച്ചതോടെ യുകെ, ചൈനയ്ക്ക് പുറത്തുള്ള ബിവൈഡിയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി മാറി.
ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്) 2025 സെപ്റ്റംബറിൽ യുകെ വിപണിയിലെ വിൽപ്പനയിൽ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു. കമ്പനിയുടെ യുകെയിലെ വിൽപ്പനയിൽ 880 ശതമാനം വർധനവുണ്ടായി. ബിവൈഡി ഒരു മാസത്തിനുള്ളിൽ 11,271 കാറുകൾ യുകെയിൽ വിറ്റു. ഈ നേട്ടം ബിവൈഡിക്ക് യുകെയെ ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയാക്കി മാറ്റുകയും ചെയ്യുന്നു.
ഇതാ കണക്കുകൾ
യുകെയിലെ സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ (SMMT) ഏറ്റവും പുതിയ ഡാറ്റ പ്രകാരം , സെപ്റ്റംബറിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ 51 ശതമാനം വൈദ്യുതീകരിച്ച വാഹനങ്ങളായിരുന്നു. ഇവയിൽ ഇവികളും ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടും. അതേസമയം, ബിവൈഡി സ്വന്തം കണക്കുകൾ ഉപയോഗിച്ച് വാഹന ലോകത്തെ അത്ഭുതപ്പെടുത്തി. 2025 സെപ്റ്റംബറിൽ അവരുടെ മൊത്തം വിൽപ്പന 11,271 യൂണിറ്റായിരുന്നു.
2025 ലെ മൂന്നാം പാദത്തിൽ (Q3) ബിവൈഡി വിൽപ്പന 16,000 യൂണിറ്റുകൾ കവിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ (YTD) വിൽപ്പന 35,000 യൂണിറ്റുകൾ കവിഞ്ഞു. 2025 സെപ്റ്റംബറിൽ, അതിന്റെ വിപണി വിഹിതം 3.6% ആയി ഉയർന്നു, വാർഷിക ശരാശരി 2.2% ആയിരുന്നു. ബ്രിട്ടീഷ് വിപണിയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള BYD യുടെ സീൽ U DM-i എസ്‌യുവി ഒരു താരമായി മാറിയിരിക്കുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7,524 യൂണിറ്റുകൾ വിറ്റു. 2025 സെപ്റ്റംബറിൽ മാത്രം 5,373 സീൽ U എസ്‌യുവികൾ വിതരണം ചെയ്തു. ബിവൈഡിയുടെ മൊത്തം വിൽപ്പനയുടെ 48 ശതമാനം ഈ മോഡലാണ്. 2025 ൽ യുകെയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് കാറായി ഇത് മാറി. സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളിൽ ബിവൈഡി സീൽ ആറാം സ്ഥാനത്തെത്തി.
ബിവൈഡി അടുത്തിടെ 13 ദശലക്ഷം ന്യൂ എനർജി വെഹിക്കിൾസ് (NEV) എന്ന ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചു. ആദ്യത്തെ ദശലക്ഷം ഉത്പാദിപ്പിക്കാൻ 13 വർഷമെടുത്തപ്പോൾ, 10 ദശലക്ഷത്തിൽ നിന്ന് 13 ദശലക്ഷത്തിലെത്താൻ കമ്പനിക്ക് വെറും എട്ട് മാസം മാത്രമേ എടുത്തുള്ളൂ. 2025 ജനുവരി മുതൽ ജൂൺ വരെ, ബിവൈഡി ലോകമെമ്പാടും 21.45 ലക്ഷം ന്യൂ എനർജി വെഹിക്കിൾസ് വിറ്റു. അതിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4.7 ലക്ഷത്തിലധികം വിറ്റു.
യുകെയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിൽപ്പന കൈവരിക്കാൻ കഴിഞ്ഞത് അതിശയകരമാണെന്നും യുകെ ഇപ്പോൾ ബിവൈഡിയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി മാറുന്നത് കാണുന്നതിൽ കൂടുതൽ അഭിമാനമുണ്ടെന്നും ബിവൈഡി യുകെ കൺട്രി മാനേജർ ബോണോ ഗേ പറഞ്ഞു.


