2025 സെപ്റ്റംബർ 3 ന് മാരുതി സുസുക്കി പുതിയ മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഈ അഞ്ച് സീറ്റർ മോഡലിൽ പുതിയ സവിശേഷതകൾ ഉണ്ടാകും.

2025 സെപ്റ്റംബർ 3 ന് ഒരു പുതിയ മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. ഈ വാഹനത്തിന്‍റെ ഔദ്യോഗിക നാമം വെളിപ്പെടുത്തുന്നതിനും വിപണിയിലെത്തുന്നതിനും മുമ്പുതന്നെ ചോർന്ന വിവരങ്ങളും സ്പൈ ചിത്രങ്ങളും കാരണം ഈ മോഡൽ ചർച്ചാവിഷയമായി. 'മാരുതി എസ്‌കുഡോ' എന്ന് നിലവിൽ അറിയപ്പെടുന്ന ഈ എസ്‌യുവിക്ക് ലോഞ്ച് ചെയ്യുമ്പോൾ വ്യത്യസ്തമായ ഒരു നെയിംപ്ലേറ്റ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഒരു അഞ്ച് സീറ്റർ മിഡ്‌സൈസ് എസ്‌യുവി ആയിരിക്കും ഇത്. മാരുതിയുടെ അരീന നിരയിലെ ഒരു പുതിയ ഫ്ലാഗ്ഷിപ്പ് ഓഫറായി ഇത് സ്ഥാനം പിടിച്ചിരിക്കുന്നു. വരാനിരിക്കുന്ന പുതിയ മാരുതി അഞ്ച് സീറ്റർ ഹൈബ്രിഡ് എസ്‌യുവി എസ്‌കുഡോയെക്കുറിച്ച് ഇതുവരെ അറിയാവുന്ന പ്രധാന വിശദാംശങ്ങൾ നോക്കാം.

ഗ്രാൻഡ് വിറ്റാരയുമായി പുതിയ മാരുതി എസ്‌യുവി പവർട്രെയിനുകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 103 ബിഎച്ച്പി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 116 ബിഎച്ച്പി പെട്രോൾ-ഹൈബ്രിഡ്, 88 ബിഎച്ച്പി സിഎൻജി ഓപ്ഷനുകൾ ലഭ്യമാണ്. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും. ബൂട്ടിൽ വയ്ക്കുന്നതിന് പകരം അണ്ടർബോഡി സിഎൻജി ടാങ്ക് ഫീച്ചർ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും മാരുതി എസ്‍കുഡോ. മാരുതിയുടെ സിഎൻജി കാറുകളിലെ പരിമിതമായ ബൂട്ട് സ്ഥലത്തെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനാണ് ഈ ക്രമീകരണം.

ഗ്രാൻഡ് വിറ്റാരയിൽ നിന്ന് ഇതിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത് ഫോർ-വീൽ ഡ്രൈവ് സിസ്റ്റമായിരിക്കും. ഇത് ഉയർന്ന വകഭേദങ്ങളിൽ മാത്രമേ വാഗ്‍ദാനം ചെയ്യൂ. മാരുതി ഗ്രാൻഡ് വിറ്റാര ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകൾക്കൊപ്പം വരുന്നു. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, പുതിയ മാരുതി അഞ്ച് സീറ്റർ ഹൈബ്രിഡ് എസ്‌യുവി ലെവൽ-2 എഡിഎഎസ് (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ എന്നിവയുമായി വരുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും. ഈ രണ്ട് സവിശേഷതകളും അതിന്റെ മുഖ്യ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയിൽ ഇല്ല.

പുതിയ മാരുതി അഞ്ച് സീറ്റർ ഹൈബ്രിഡ് എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റർ നീളം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി എസ്‌ക്യുഡോ ഗ്രാൻഡ് വിറ്റാരയേക്കാൾ അൽപ്പം നീളമുള്ളതായിരിക്കുമെന്നും കൂടുതൽ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുമെന്നും മുൻ റിപ്പോർട്ടുകൾ സൂചന നൽകുന്നു. സീൽഡ്-ഓഫ് ഗ്രിൽ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതുതായി രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകൾ, മുൻവശത്ത് പുതുക്കിയ ഫോഗ് ലാമ്പുകൾ എന്നിവ എസ്‌യുവിയിൽ ഉണ്ടായിരിക്കുമെന്ന് ചോർന്ന ചിത്രം വെളിപ്പെടുത്തുന്നു. വശങ്ങളെ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, അലോയ് വീലുകൾ, ബോഡി നിറമുള്ള ഓആർവിഎമ്മുകൾ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, സിൽവർ റൂഫ് റെയിലുകൾ തുടങ്ങിയവ ലഭിക്കും. പുതിയ മാരുതി അഞ്ച് സീറ്റർ ഹൈബ്രിഡ് എസ്‌യുവിയുടെ പിൻഭാഗത്ത്, ഒരു ലൈറ്റ് ബാറിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽലാമ്പുകളും ഉണ്ടായിരിക്കും.