Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്ന് വാഹന വിപണി, 7 മാസമായി വിൽപ്പന താഴോട്ട്; ഓഗസ്റ്റിൽ 30 ശതമാനം ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഓഗസ്റ്റിൽ വിൽപ്പനയിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓൾട്ടോ, വാഗൺ ആർ പോലെയുള്ള ചെറുകാറുകളുടെ വിൽപ്പനയിൽ 71 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്

financial crisis badly affect indian automobile industry
Author
New Delhi, First Published Sep 2, 2019, 9:24 PM IST

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ രാജ്യത്തെ വാഹനവിപണിക്ക് കഴിയുന്നില്ല എന്നതിന്‍റെ തെളിവാണ് വാഹനനിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ. രാജ്യത്ത് വാഹനവിൽപ്പനയിൽ വീണ്ടും ഇടിവ്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ 7 മാസമായി രാജ്യത്തെ വാഹനവിൽപ്പന താഴോട്ടാണ്. ഓഗസ്റ്റിൽ മാത്രം 30 ശതമാനത്തിന്‍റെ ഇടിവാണ് വാഹനവിപണിയിലുണ്ടായിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഓഗസ്റ്റിൽ വിൽപ്പനയിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 106413 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 158189 യൂണിറ്റായിരുന്നു. ഓൾട്ടോ, വാഗൺ ആർ പോലെയുള്ള ചെറുകാറുകളുടെ വിൽപ്പനയിൽ 71 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ പുത്തൻ കാറുകൾ അവതരിപ്പിച്ചെങ്കിലും ഹ്യൂണ്ടായിക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും ഹോണ്ടയ്ക്കും നഷ്ടക്കണക്കുകളാണ് ഓഗസ്റ്റിലുള്ളത്. ഇന്ത്യയിൽ ഹോണ്ട കാറുകളുടെ വിൽപ്പനയിൽ 51 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. വിറ്റ്പോയത് 8291 ഹോണ്ട കാറുകൾ മാത്രം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 32 ശതമാനവും ഹ്യൂണ്ടായ്ക്ക് 16 ശതമാനവും വിപണിയിൽ ഇടിവ് സംഭവിച്ചു. ടൊയോട്ട കമ്പനി ഓഗസ്റ്റിൽ വിറ്റത് 11544 കാറുകൾ മാത്രമാണ്.

ബാങ്കുകൾ വാഹനവായ്പ നടപടികൾ കർശനമാക്കിയതും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ പ്രതിസന്ധിയും വാഹനവായ്പ്പാവിതരണത്തിൽ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ തിരിച്ചടിയും വാഹനങ്ങളുടെ വിലയിലുണ്ടായ വര്‍ധനയുമാണ് വിപണിയ്ക്ക് തിരിച്ചടിയായത്. ഇലക്ട്രിക് വാഹനങ്ങളുൾപ്പെടെ പുതിയ സാങ്കേതിക മാറ്റം വാഹനമേഖലയിൽ വരുന്നത് മൂലം ഉപഭോക്താക്കൾ വാഹനം വാങ്ങാൻ മടിക്കുന്നുവെന്ന വിലയിരുത്തലുകളുമുണ്ട്.

വിൽപ്പന കുറഞ്ഞ സാഹചര്യത്തിൽ വാഹന നിർമ്മാണ മേഖലയിൽ 5 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് വാഹനനിർമ്മാതാക്കളുടെ അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റിലും നഷ്ടം തുടർന്നതോടെ ഉത്പാദനം വെട്ടിക്കുറച്ചും പ്ലാന്‍റുകൾ അടച്ചിട്ടും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് വാഹനകമ്പനികൾ. ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ആശ്വാസപാക്കേജ് വാഹനവിപണിക്ക് ഗുണകരമാകുമോ എന്ന് കാത്തിരുന്ന് കാണണം.

Follow Us:
Download App:
  • android
  • ios