ദില്ലി: പ്രീമിയം സെഡാന്‍ എലാന്‍ട്രയുടെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ വേരിയൻറ് ഇന്ത്യയിലെത്തിച്ച് ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 18.70 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ്ഷോറൂം വില. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷൻ എന്നിവയുള്ള എസ്എക്സ്, എസ്എക്സ് (ഒ) വേരിയന്റുകളിൽ ബിഎസ് 6 ഹ്യുണ്ടായ് എലാൻട്ര ഡീസൽ ലഭ്യമാണ്. 

ബിഎസ് 6 നിലവാരത്തിലുള്ള 1,493 സിസി 1.5 ലിറ്റർ യു 2 സിആർഡി എഞ്ചിനാണ് പുത്തന്‍ ഹ്യുണ്ടായി എലാൻട്ര ഡീസലിന്‍റെ ഹൃദയം. 4,000 ആർപിഎമ്മിൽ 112 ബിഎച്ച്പി കരുത്തും 1,500 മുതൽ 2,750 ആർപിഎം വരെ 250 എൻഎം ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

എൻജിനിലെ ഈ മാറ്റം ഒഴിച്ചുനിർത്തി മറ്റു യാതൊരുവിധ മാറ്റങ്ങളും മോഡലിനെ അപേക്ഷിച്ച് ഈ വാഹനത്തിന് നൽകിയിട്ടില്ല. ഹ്യുണ്ടായുടെ ഫ്ലൂയിടിക് 2.0 ഡിസൈൻ രൂപ ശൈലിയിലുള്ള വാഹനമാണ് എലാൻട്ര. പുത്തന്‍ എലാൻട്ര സ്‌പോർട്ടിയറായ മികച്ച ഡിസൈൻ ഭാഷയിലാണ് എത്തുന്നത്. അത്യാധുനികമായ ബോൾഡ് എക്സ്റ്റീരിയറുകളുമായാണ് സെഡാൻ വരുന്നത്. വാഹനത്തിന്റെ മുൻവശത്ത് ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ കാണാം. പ്രീമിയം ഇന്‍റീരിയറാണ് വാഹനത്തില്‍.

പുത്തന്‍ ഹ്യുണ്ടായി എലാൻട്രയില്‍ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളായ ഹ്യുണ്ടായ് ബ്ലൂലിങ്ക്, വയർലെസ് ഫോൺ ചാർജർ, എൽഇഡി ഡിആർഎല്ലുകളുള്ള ഡൈനാമിക് എൽഇഡി ക്വാഡ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ വാഹനത്തെ വേറിട്ടതാക്കുന്നു.