ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ ബിഎസ് 6 പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങുന്നു. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് - ബിഎസ് 6-സ്പെക്ക് എഞ്ചിനോടെ വാഹനം  2020 ഓട്ടോ എക്സ്പോക്ക്മുമ്പ് ഷോറൂമുകളിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡായ കിയ സെൽറ്റോസിലെ 1.5 ലിറ്റർ, നാല് സിലിണ്ടർ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വെര്‍ണയില്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ എഞ്ചിന്‍ 115 എച്ച്പി കരുത്തും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിലെ ട്രാന്‍സ്‍മിഷന്‍. നിലവിലെ ബിഎസ് 4-കംപ്ലയിന്റ് എഞ്ചിനുകൾ മാറ്റി ഈ പുതിയ എഞ്ചിൻ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെൽ‌റ്റോസിലെ അതേ 115 എച്ച്പി, 1.5 ലിറ്റർ ബി‌എസ് 6 ഡീസൽ യൂണിറ്റും വെർണയില്‍ പ്രതീക്ഷിക്കുന്നുണ്ട്. 2020 മാർച്ചോടെ വെർണ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച വെര്‍ണയെ ഇന്ത്യൻ ഉപഭോക്താവിന്  അനുയോജ്യമായ രീതിയിൽ ഗണ്യമായ മാറ്റങ്ങളോടെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. വാഹനത്തിന്‍റെ ബാഹ്യ രൂപകൽപ്പനയിലും ഇന്റീരിയർ ഗുണനിലവാരത്തിലും മാറ്റങ്ങളുണ്ടായേക്കും. ഇന്ത്യയ്ക്കുള്ള ഹ്യൂണ്ടായ് വെർനയ്ക്ക് വ്യത്യസ്ത അലോയ് വീൽ, ഗ്രിൽ ഡിസൈനുകൾ തുടങ്ങിയവ ലഭിച്ചേക്കും.

2018ലാണ് ഇതിനു മുമ്പ് വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ കഴിയുന്ന മിററുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തെ സമ്പന്നമാക്കുന്നു.

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗുകള്‍ തുടങ്ങി വാഹനത്തിന്‍റെ പ്രത്യേകതകള്‍ നീളുന്നു. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയവരാണ് വിപണിയില്‍വെര്‍ണയുടെ മുഖ്യ എതിരാളികള്‍.