ജിഎസ്ടി ഇളവിന്റെ പൂർണ്ണ ആനുകൂല്യവും ഉപഭോക്താക്കൾക്ക് നൽകുമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. എംജിയുടെ എല്ലാ എസ്‌യുവി മോഡലുകളിലും വിലക്കുറവ് പ്രാബല്യത്തിൽ വന്നു, ചില മോഡലുകളിൽ 3 ലക്ഷം രൂപ വരെ ലാഭിക്കാം.
ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ അടുത്തിടെ നടപ്പിലാക്കിയ ജിഎസ്‍ടി ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഇനി മുതൽ നേരിട്ട് വാങ്ങുന്നവർക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. എംജിയുടെ മുഴുവൻ എസ്‌യുവി നിരയിലും ഈ വിലക്കുറവിന്‍റെ ഫലം ദൃശ്യമാകും. 2025 സെപ്റ്റംബർ 7 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു. ഈ പ്രഖ്യാപനത്തിനുശേഷം, എംജി കാറുകളിൽ പരമാവധി 3,04,000 രൂപ വരെ ലാഭിക്കാം.
ഈ ജിഎസ്ടി പരിഷ്കരണത്തിന് ശേഷം എംജി ആസ്റ്ററിന് 54,000 രൂപ വില കുറഞ്ഞു. ഇതിനുപുറമെ, എംജി ഹെക്ടർ പെട്രോളിൽ ഉപഭോക്താക്കൾക്ക് 1,49,000 രൂപ വരെ ലാഭിക്കാം. അതേസമയം, എംജി ഹെക്ടർ ഡീസലിൽ 1,49,000 രൂപ വരെ ആനുകൂല്യങ്ങളും ലഭ്യമാണ്. എംജി ഗ്ലോസ്റ്ററിൽ പരമാവധി 3,04,000 രൂപ കിഴിവ് ലഭ്യമാണ്. ജിഎസ്‍ടി നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് മുമ്പ്, എംജി ആസ്റ്ററിന് 45 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. എംജി ഹെക്ടറിന്റെ പെട്രോൾ എഞ്ചിൻ വകഭേദങ്ങൾക്ക് 45 ശതമാനം ജിഎസ്ടിയും ഡീസൽ എഞ്ചിൻ വകഭേദങ്ങൾക്ക് 50 ശതമാനം ജിഎസ്ടിയും ചുമത്തിയിരുന്നു. എംജി ഗ്ലോസ്റ്ററിന് 50 ശതമാനം നിരക്കിൽ ജിഎസ്ടിയും ചുമത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ എസ്‌യുവികൾക്കെല്ലാം 40 ശതമാനം ജിഎസ്ടി നിരക്കിൽ നികുതി ചുമത്തും. ഇതുമൂലം വിലകൾ ലക്ഷക്കണക്കിന് രൂപ കുറഞ്ഞു.
ജിഎസ്ടി നിരക്കുകൾ യുക്തിസഹമാക്കാനുള്ള സർക്കാരിന്റെ തീരുമാനം വളരെ പോസിറ്റീവാണെന്നും ഇത് കാർ വാങ്ങുന്നവരുടെ താങ്ങാനാവുന്ന വില പ്രശ്‌നം പരിഹരിക്കുകയും വിപണിയിൽ ഉപഭോക്തൃ വികാരം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ എല്ലാ എസ്‌യുവി മോഡലുകളിലെയും ഉപഭോക്താക്കൾക്ക് ഈ തീരുമാനത്തിന്റെ മുഴുവൻ പ്രയോജനവും കൈമാറുന്നുവെന്നും അതുവഴി അവർക്ക് അതിന്റെ ഗുണങ്ങൾ ഉടനടി അനുഭവപ്പെടും എന്നും എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനയ് റെയ്‌ന ഈ അവസരത്തിൽ പറഞ്ഞു.
