2019ൽ ഒരു മോഡലുമായി ഇന്ത്യയിൽ എത്തിയ കിയ ഇപ്പോൾ സെൽറ്റോസ്, സോണെറ്റ്, കാരൻസ്, കാർണിവൽ, ഇവി6 തുടങ്ങിയ വാഹനങ്ങളുമായി വിപണിയിൽ ശക്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ 2019 ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ രാജ്യത്തെ പാസഞ്ചർ വാഹന വ്യവസായത്തിലെ ശക്തമായ കമ്പനിയാണ്. 2024-ൽ കിയ ഇന്ത്യ 2,45,000 യൂണിറ്റുകൾ വിറ്റു. ഇത് കമ്പനിയുടെ ആഗോള വിൽപ്പനയുടെ 7.93% വരും. 2019ൽ ഒരു മോഡലിൽ തുടങ്ങിയ കമ്പനി ഇപ്പോൾ സെൽറ്റോസ്, സോണെറ്റ്, കാരൻസ്, കാർണിവൽ, ഇവി6 തുടങ്ങിയ വാഹനങ്ങളുമായി വിപണിയിൽ ശക്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. 2024-ൽ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 46.5% വിപണി വിഹിതവും കിയ സെൽറ്റോസ് മാത്രം കൈവരിച്ചു. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം 5.20 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. 2024-ൽ ഒരു ലക്ഷത്തിലധികം സോനെറ്റ് എസ്‌യുവികൾ വിറ്റു. ഇതോടൊപ്പം കാരെൻസിൻ്റെ വിൽപ്പനയും രണ്ട് ലക്ഷത്തിന് അടുത്താണ്.
2024 ലെ കിയയുടെ ഇന്ത്യയിലെ വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, സോനെറ്റ് 1,06,690 യൂണിറ്റ് വിൽപ്പന കൈവരിച്ചു. ഇതോടെ 11-ാം സ്ഥാനം കരസ്ഥമാക്കി. 73,745 യൂണിറ്റ് വിൽപ്പനയുമായി സെൽറ്റോസ് 17-ാം സ്ഥാനത്തെത്തി. അതേസമയം, 63,674 യൂണിറ്റ് വിൽപ്പനയുമായി 7 സീറ്റർ കാരൻസ് 18-ാം സ്ഥാനത്തെത്തി. 2024 ഏപ്രിൽ-ഡിസംബർ കാലയളവിൽ കിയ ഇന്ത്യ 1,79,631 യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റു. അതിൻ്റെ വിപണി വിഹിതം 8.76% ആയിരുന്നു. ഇതിൽ സോനെറ്റ് (77,308 യൂണിറ്റ്), സെൽറ്റോസ് (53,177 യൂണിറ്റ്), കാരൻസ് (48,257 യൂണിറ്റ്), കാർണിവൽ (599 യൂണിറ്റ്), EV6 (290 യൂണിറ്റ്) എന്നിവയുടെ വിൽപ്പന ഉൾപ്പെടുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ കിയ ഇന്ത്യ സ്ഥനം ഉറപ്പിച്ചുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. സെൽറ്റോസ്, സോനെറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ കമ്പനിയെ വിജയത്തിൻ്റെ ഉയരങ്ങളിൽ എത്തിച്ചു. കിയ 2024-ൽ ആഗോളതലത്തിൽ 30.89 ലക്ഷം യൂണിറ്റുകൾ വിറ്റു. അതിൽ 6,38,000 എണ്ണം ഇലക്ട്രിക്ക് വാഹനങ്ങളാണ്. ഇതിൽ ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന 3,67,000 യൂണിറ്റ് (+20% വർഷം) ആയി. ഇതുകൂടാതെ, ഇവികളുടെ വിൽപ്പന 2,01,000 യൂണിറ്റായിരുന്നു (+10.2% വർഷം). 2025-ൽ 32.2 ലക്ഷം യൂണിറ്റ് ആഗോള വിൽപ്പനയാണ് കിയ ലക്ഷ്യമിടുന്നത്.
അതേസമയം 2025 ഫെബ്രുവരി 1-ന് അവതരിപ്പിക്കാൻ പോകുകയാണ് കിയ. പുതിയ സിറോസിനൊപ്പം കമ്പനിയുടെ വിൽപ്പന ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിറോസ് ലോഞ്ച് ചെയ്യുന്നതോടെ കിയ ഇന്ത്യയുടെ വിപണി വിഹിതം ഇനിയും ഉയരാൻ സാധ്യതയുണ്ട്. സിറോസിൻ്റെ ഒരു സ്പോർട്ടിയർ എക്സ്-ലൈൻ പതിപ്പും കമ്പനി പുറത്തിറക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അത് ഈ വർഷം അവസാനത്തോടെ എത്തും. കിയ സിറോസ് എക്സ് ലൈൻ ടോപ്പ്-എൻഡ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളും ലഭിക്കും. സിറോസ് എക്സ് ലൈൻ ട്രിം 120bhp/172Nm, 1.0L ടർബോ പെട്രോൾ, 116bhp/250Nm, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് (ഉയർന്ന ട്രിമ്മുകളിൽ മാത്രം പാഡിൽ ഷിഫ്റ്ററുകൾ) എന്നിവ ലഭിക്കും.

