2025-2026 കാലയളവിൽ ഇന്ത്യൻ വിപണിയിൽ അഞ്ച് പുതിയ ഇടത്തരം എസ്‌യുവികൾ എത്തും. ടാറ്റ സിയറ, മാരുതി എസ്‌ക്യുഡോ, പുതിയ റെനോ ഡസ്റ്റർ, പുതുതലമുറ കിയ സെൽറ്റോസ്, നിസാൻ കാഷ്‍കായ് എന്നിവയാണ് പുതിയ മോഡലുകൾ.

ടത്തരം എസ്‌യുവി വിഭാഗത്തിലെ നിരവധി ഓപ്ഷനുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹിറ്റാണ്. 2025-2026 ൽ അഞ്ച് പുതിയ മോഡലുകൾ കൂടി നിരത്തിലിറങ്ങും. വരാനിരിക്കുന്ന അഞ്ച് ഇടത്തരം എസ്‌യുവികളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇതാ.

ടാറ്റ സിയറ

2025 ദീപാവലി സീസണിൽ ടാറ്റ സിയറ നെയിംപ്ലേറ്റ് പുതിയൊരു രൂപത്തിൽ തിരിച്ചെത്തും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ ഈ എസ്‌യുവിയിൽ ലഭ്യമാകും. പെട്രോൾ പതിപ്പ് 165 ബിഎച്ച്പി, 1.5 ലിറ്റർ ടർബോ എഞ്ചിനുമായി വന്നേക്കാം. അതേസമയം ഡീസൽ മോഡലിൽ 170 ബിഎച്ച്പി, 2.0 ലിറ്റർ ടർബോ മോട്ടോർ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഇവിയുടെ അതേ പവർട്രെയിനുകൾ ഇലക്ട്രിക് സിയറയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി എസ്‍ക്യുഡോ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താൻ ഗ്രാൻഡ് വിറ്റാരയ്ക്ക് പകരം താങ്ങാനാവുന്ന വിലയിൽ ഒരു ബദൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് താഴെയാണ് സ്ഥാനം എങ്കിലും, പുതിയ മാരുതി 5 സീറ്റർ എസ്‌യുവി നീളമുള്ളതായിരിക്കും, കൂടാതെ വലിയ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്തേക്കാം. ഈ പുതിയ മോഡലിനെ മാരുതി എസ്‌കുഡോ എന്ന് വിളിക്കാനാണ് സാധ്യത. 140 ബിഎച്ച്പി, 1.5 ലിറ്റർ പെട്രോൾ, 116 ബിഎച്ച്പി, 1.5 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിനുകൾ ഗ്രാൻഡ് വിറ്റാരയുമായി ഇത് പങ്കിടും.

പുതിയ റെനോ ഡസ്റ്റർ

2026 ന്റെ തുടക്കത്തിൽ തന്നെ പുത്തൻ ഡിസൈൻ, ഇന്റീരിയർ, എഞ്ചിനുകൾ എന്നിവയുമായി ഐക്കണിക് റെനോ ഡസ്റ്റർ തിരിച്ചെത്തും. എസ്‌യുവിയുടെ ഔദ്യോഗിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഇതിന് കരുത്ത് പകരുക എന്ന് പ്രതീക്ഷിക്കുന്നു. ഡസ്റ്റർ ഹൈബ്രിഡ് ലോഞ്ചും പദ്ധതിയിലുണ്ട്. പെട്രോൾ മോഡൽ ലോഞ്ച് ചെയ്ത് 12 മാസത്തിനുള്ളിൽ ശക്തമായ ഹൈബ്രിഡ് പതിപ്പ് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

പുതുതലമുറ കിയ സെൽറ്റോസ്

2026 ന്റെ തുടക്കത്തിൽ കിയ സെൽറ്റോസിന്റെ രണ്ടാം തലമുറ വിപണിയിലെത്തും. മെച്ചപ്പെട്ട ഡിസൈനും ഉയർന്ന നിലവാരമുള്ള ഇന്‍റീരിയറും ഈ എസ്‌യുവിയിൽ പ്രതീക്ഷിക്കാം. ഇന്ത്യയിൽ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യത്തെ കിയയായിരിക്കും ഇത്. നിലവിലുള്ള 1.5 ലിറ്റർ എംപിഐ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ അടുത്ത തലമുറ സെൽറ്റോസിലും ഉൾപ്പെടുത്തും.

നിസാൻ കാഷ്‍കായ്

വരാനിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവികളുടെ പട്ടികയിൽ അടുത്തതായി വരുന്നത് നിസാൻ കൈറ്റ് ആണ്. ഇത് പ്രധാനമായും പുതിയ ഡസ്റ്ററിന്റെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പായിരിക്കും. പുതിയ നിസ്സാൻ എസ്‌യുവി ബ്രാൻഡിന്റെ സിഗ്നേച്ചർ ഡിസൈൻ ഭാഷ അവതരിപ്പിക്കുകയും ഡസ്റ്ററിൽ നിന്ന് തികച്ചും വ്യത്യസ്തമായി കാണപ്പെടുകയും ചെയ്യും. എങ്കിലും, രണ്ട് എസ്‌യുവികളും പവർട്രെയിനുകളും സവിശേഷതകളും പങ്കിടും. പുതിയ നിസ്സാൻ മിഡ്‌സൈസ് എസ്‌യുവി അതിന്റെ ഡോണർ മോഡലിനേക്കാൾ കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യും.