മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ 2025 ജൂണിലെ വിൽപ്പന റിപ്പോർട്ട് പ്രകാരം പാസഞ്ചർ വാഹന വിഭാഗത്തിൽ 18% വാർഷിക വളർച്ച. ട്രാക്ടർ വിൽപ്പനയിലും മികച്ച പ്രകടനം. പുതിയ മോഡലുകൾ പ്രതീക്ഷിക്കാം.
പ്രമുഖ ആഭ്യന്തര എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025 ജൂണിലെ പ്രതിമാസ വിൽപ്പന റിപ്പോർട്ട് പ്രഖ്യാപിച്ചു. പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനി 18 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. 2024 ജൂണിൽ ഇത് 40,022 യൂണിറ്റായിരുന്നു. ഇത് 2025 ജൂണിൽ 47,306 യൂണിറ്റായി. 2025 മെയ് മാസത്തിൽ മഹീന്ദ്രയുടെ വിൽപ്പന 52,431 യൂണിറ്റായിരുന്നു. കയറ്റുമതി ഒരുശതമാനം വളർച്ചയോടെ 2,634 യൂണിറ്റുകളുടെ വിൽപ്പന നടത്തി.
ബൊലേറോ, സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക്, ഥാർ, ഥാർ റോക്സ്, XUV700, XUV3XO തുടങ്ങിയ മോഡലുകളും പുതുതായി പുറത്തിറക്കിയ ബോൺ-ഇലക്ട്രിക് എസ്‌യുവികളായ BE 6, XEV 9e എന്നിവയും മൊത്തം വിൽപ്പനയിൽ പ്രധാന സംഭാവനകൾ നൽകി.
വാണിജ്യ വാഹന മേഖലയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിൽപ്പന 3,227 യൂണിറ്റുകളിൽ നിന്ന് 2,576 യൂണിറ്റായി കുറഞ്ഞു. 2024 ജൂണിൽ 6180 യൂണിറ്റുകളിൽ നിന്ന് 2025 ജൂണിൽ 8,454 യൂണിറ്റുകൾ ആഭ്യന്തര മുച്ചക്ര വാഹന വിഭാഗത്തിൽ വിൽക്കാൻ അവർക്ക് കഴിഞ്ഞു, ഇത് 37 ശതമാനം വളർച്ച രേഖപ്പെടുത്തി.
ആഭ്യന്തര, കയറ്റുമതി വിപണികളിലായി കമ്പനി 53,392 യൂണിറ്റ് ട്രാക്ടറുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 47,319 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിൽ, മഹീന്ദ്ര ട്രാക്ടറുകളുടെ ആകെ വിൽപ്പന 51,769 യൂണിറ്റായിരുന്നു, 2024 ജൂണിൽ ഇത് 45,888 യൂണിറ്റായിരുന്നു. വാർഷിക വളർച്ച 13 ശതമാനം രേഖപ്പെടുത്തി. കയറ്റുമതി 13 ശതമാനം വളർച്ച നേടി 1,623 യൂണിറ്റുകൾ വിറ്റു. 2024ൽ ഇത് 1,431 യൂണിറ്റായിരുന്നു.
2030 ആകുമ്പോഴേക്കും 23 പുതിയ മോഡലുകൾ പുറത്തിറക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. വരാനിരിക്കുന്ന ശ്രേണിയിൽ ഐസിഇ എഞ്ചിനിൽ പ്രവർത്തിക്കുന്ന ഒമ്പത് പെട്രോൾ ഡീസൽ എസ്‌യുവികൾ, 7 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബിഇവി), 7 ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടും.
അതേസമയം, മഹീന്ദ്ര വിഷൻ.ടി ഉൾപ്പെടെയുള്ള ഭാവി ഉൽപ്പന്നങ്ങളുടെ ഒരു പുതിയ ശ്രേണി 2025 ഓഗസ്റ്റ് 15 ന് അനാച്ഛാദനം ചെയ്യാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുങ്ങുകയാണ്. ഇത് ഥാർ ഇലക്ട്രിക്ക് പതിപ്പിന്‍റെ കൺസെപ്റ്റ് പതിപ്പായിരിക്കാമെന്ന് ടീസർ സൂചിപ്പിക്കുന്നു. മഹീന്ദ്രയുടെ പുതിയ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോമും ഈ പരിപാടിയിൽ അരങ്ങേറും. ഈ പുതിയ ആർക്കിടെക്ചർ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ ആദ്യത്തെ പ്രൊഡക്ഷൻ മോഡലായിരിക്കാം പുതുതലമുറ ബൊലേറോ എന്നും റിപ്പോർട്ടുകൾ പറയുന്നു.
