മഹീന്ദ്ര ഥാർ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ പുറത്തിറങ്ങും. പുതിയ ഡിസൈൻ മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളും ഇതിൽ ഉണ്ടാകും. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി 6 എയർബാഗുകളും ADAS ലെവൽ 2 പോലുള്ള സംവിധാനങ്ങളും ഇതിൽ ലഭ്യമാകും.

നപ്രിയ വാഹന ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നിലവിലുള്ള മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റുകൾ ഉൾപ്പെടെ നിരവധി പുതിയ എസ്‌യുവികൾ ഒരുക്കുന്നു. XUV700 , സ്‌കോർപിയോ N എന്നിവയാണ് വലിയ അപ്‌ഡേറ്റുകൾ ലഭിക്കുന്ന ആദ്യ മോഡലുകൾ. ഇതിനുപുറമെ, 3-ഡോർ ഥാർ ലൈഫ്‌സ്റ്റൈൽ എസ്‌യുവിക്കും ഈ വർഷം ഒരു പ്രധാന അപ്‌ഗ്രേഡ് ലഭിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. മഹീന്ദ്ര ഥാർ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റിന് സൂക്ഷ്‍മമായ ഡിസൈൻ മാറ്റങ്ങളും പുതിയ സവിശേഷതകളോടൊപ്പം നവീകരിച്ച ഇന്റീരിയറും ലഭിക്കാൻ സാധ്യതയുണ്ട്.

പുതുക്കിയ ഥാർ എസ്‌യുവി പുതിയ ഥാർ റോക്‌സുമായി സവിശേഷതകൾ പങ്കിടാൻ സാധ്യതയുണ്ട്. ഇതിൽ ഇതിനകം തന്നെ നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, ഥാർ റോക്‌സിൽ നമ്മൾ ഇതിനകം കണ്ടതുപോലെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എസ്‌യുവിക്ക് ലഭിക്കുന്നു. ലൈഫ്‌സ്റ്റൈൽ എസ്‌യുവിയിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ സവിശേഷതകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുറംഭാഗത്തെ ഡിസൈനിൽ എസ്‌യുവിയുടെ മുൻവശത്ത് അല്പം പരിഷ്‍കരിച്ച രൂപഭംഗി ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ഗ്രിൽ, പുതിയ ഫ്രണ്ട് ബമ്പർ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉള്ള എൽഇഡി ലൈറ്റിംഗ് സിസ്റ്റം, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി 6 എയർബാഗുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഉയർന്ന വകഭേദങ്ങളിൽ 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്നിവയും ലഭിക്കും.

1.5 ലിറ്റർ, 4-സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോ ഡീസൽ എന്നിവയുൾപ്പെടെ നിലവിലുള്ള എഞ്ചിൻ നിര തന്നെ ആയിരിക്കും ഥാർ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റിലും. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആർർബ്ല്യുഡി ലേഔട്ടിൽ വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ 117 bhp യും 300 Nm ടോർക്കും ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടാം. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 150 bhp കരുത്തും 300 Nm ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം ടർബോ ഡീസൽ യൂണിറ്റ് 130 bhp കരുത്തും 300 Nm ടോർക്കും ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.