മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി XUV700 ഇന്ത്യയിൽ മൂന്നു ലക്ഷം വിൽപ്പന കടന്നു. 

ന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാർ വിൽപ്പനയുള്ള കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇപ്പോൾ കമ്പനി ജനപ്രിയ എസ്‍യുവി മോഡലായ XUV700ന്‍റെ ഇന്ത്യയിലെ വിൽപ്പന മൂന്നുലക്ഷം വിൽപ്പന കടന്നതായി പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാക്കി മാറ്റുന്നു. 2021 ഓഗസ്റ്റിലാണ് ഈ എസ്‍യുവി പുറത്തിറക്കിയത്. ശക്തമായ സവിശേഷതകൾക്കൊപ്പം മികച്ച എഞ്ചിനും ഈ കാറിനുണ്ട്.

ഈ കാറിൽ രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വരുന്നു. കൂടാതെ, ചില വകഭേദങ്ങളിൽ നിങ്ങൾക്ക് ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ലഭിക്കും.

MX, AX3, AX5, AX5 സെലക്ട്, AX7, ടോപ്പ്-സ്പെക്ക് AX7L എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിലാണ് ഈ എസ്‌യുവി വരുന്നത്. ബ്ലേസ് എഡിഷൻ, എബോണി എഡിഷൻ തുടങ്ങിയ പ്രത്യേക പതിപ്പുകളും വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ XUV700 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 14.49 ലക്ഷം രൂപയിൽ ആരംഭിച്ച് 25.89 ലക്ഷം രൂപ വരെ ഉയരുന്നു.

മഹീന്ദ്ര XUV700 ലെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, XUV700-ൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്പ്ലേ സജ്ജീകരണം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയുള്ള ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗ്ലോബൽ എൻസിഎപിയിൽ നിന്ന് അഞ്ച് നക്ഷത്ര റേറ്റിംഗും ഇതിന് ലഭിച്ചു.

അതേസമയം നിലവിൽ XUV700 ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ പണിപ്പുരയിലാണ് മഹീന്ദ്ര എന്ന് റിപ്പോ‍ട്ടുകൾ ഉണ്ട്. ഇത് പരീക്ഷണ സമയത്ത് കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അപ്‌ഡേറ്റ് ചെയ്ത മോഡലിൽ കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ സാങ്കേതിക അപ്‌ഗ്രേഡുകളും ഉണ്ടായിരിക്കാം. ഇന്ത്യൻ വിപണിയിൽ സഫാരി, ഹെക്ടർ എന്നിവയുമായി ഈ എസ്‍യുവി മത്സരിക്കുന്നു.