പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാര്‍ ലീസിങ്ങ് പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും.  മാരുതി സുസുക്കി സബ്സ്ക്രൈബ് എന്നാണ് പദ്ധതിയുടെ പേര്. 24, 36, 48 മാസത്തെ പാട്ടക്കാലാവധിയോടെ തുടങ്ങുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തിൽ ബെംഗളൂരു, ഗുരുഗ്രാം നഗരങ്ങളിലാണു നടപ്പാവുക.

മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം കാറുകൾ വാടകയ്ക്കു ലഭിക്കണമെങ്കിൽ 25നു മുകളിൽ പ്രായവും, ഇന്ത്യയിൽ സ്ഥിര താമസമാക്കാരുമായിരിക്കണം. ഡ്രൈവിങ് ലൈസൻസിനു പുറമെ വായ്പ വിതരണത്തിനായി ബാങ്കുകൾ പരിഗണിക്കുന്ന സിബിൽ സ്കോർ എഴുനൂറിനു മുകളിലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വാഹനം ഉപയോഗിക്കാനുള്ള ഫീസ്, പരിപാലന ചെലവ്, കാറുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ തുടങ്ങിയ കണക്കാക്കി നിർണയിച്ച പ്രതിമാസ വാടകയാണ് മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഉപയോക്താവിനോട് ഈടാക്കുക. മോഡലും വാടക കാലാവധിയും തീരുമാനിച്ച ശേഷം വാഹനം വാടകയ്ക്കെടുക്കാൻ ആവശ്യമായ രേഖകൾ നൽകണം. വാഹനം കൈമാറുംമുമ്പുള്ള ആദ്യ തവണ സബ്സ്ക്രിപ്ഷൻ ബുക്കിങ് തുക, കരുതൽ നിക്ഷേപം, അഡ്വാൻസ് സബ്സ്ക്രിപ്ഷൻ ഫീ എന്നിവ അടങ്ങുന്നതാണ്. പ്രതിമാസ വാടക മുടങ്ങാതെ അടയ്ക്കണം.

അരീന, നെക്സ ഔട്ട്‌ലെറ്റുകൾ മുഖേന മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഏതു മോഡലും ഇങ്ങനെ വായകയ്ക്ക് എടുക്കാൻ അവസരമുണ്ടാകുമെന്നു കമ്പനി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം പുതിയ കാർ കൈമാറുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. മാരുതി സുസുക്കി സബ്സ്ക്രൈബ് പദ്ധതി പ്രകാരം അരീന ശ്രേണിയിൽ സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, വിറ്റാര ബ്രേസ തുടങ്ങിയവയാണു പാട്ടത്തിനു ലഭിക്കുക.

27,144 രൂപ മുതലാണു വിവിധ മോഡലുകളുടെ പ്രതിമാസ വാടക. അതുപോലെതന്നെ നെക്സ ശ്രേണിയിലാവട്ടെ ബലേനൊ, സിയാസ്, എക്സ് എൽ സിക്സ് എന്നിവയാണ് വാടകയ്ക്കു ലഭിക്കുക. പ്രതിമാസ വാടക 28,593 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ പദ്ധതി പ്രകാരം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലുകൾ വാടകയ്ക്കു ലഭിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു.

ഒറിക്സിന്റെ പങ്കാളിത്തത്തോടെ ആണ് മാരുതി സുസുക്കി ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ചെലവുകളും ലീസിങ് പങ്കാളിയായ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡ് വഹിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്‍പ്പന ഇടിവിനെ നേരിടാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമാണ് ലീസിങ്ങ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയിന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം ഈ സേവനം അവതരിപ്പിച്ചിരുന്നു. എംജി മോട്ടോര്‍ ഇന്ത്യ, ഫോക്സ് വാഗണ്‍ തുടങ്ങിയ കമ്പനികളും കാര്‍ ലീസിംഗുമായി മുന്നോട്ടുവന്നിരുന്നു. കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.