മാരുതി സുസുക്കി പുതിയ എർട്ടിഗ എംപിവി പുറത്തിറക്കി. ആറ് എയർബാഗുകൾ, പുതിയ സുരക്ഷാ സവിശേഷതകൾ എന്നിവയുൾപ്പെടെ നിരവധി പരിഷ്കാരങ്ങളോടെയാണ് പുതിയ മോഡൽ എത്തുന്നത്. 9.12 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ എർട്ടിഗ കോംപാക്റ്റ് എംപിവിയുടെ 2025 മോഡൽ വർഷം 9,11,500 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. അപ്‌ഡേറ്റ് ചെയ്ത മോഡൽ നിരവധി പുതിയ സവിശേഷതകളോടെയാണ് വരുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ സ്ഥലവും എല്ലാ മോഡലുകളിലും ആറ് എയർബാഗുകളും ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പുതിയ മോഡലിൽ ചേർത്തിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്താണ് കമ്പനി ഈ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ഇപ്പോൾ എല്ലാ മോഡലുകളിലും ആറ് എയർബാഗുകൾ നൽകും. നേരത്തെ താഴ്ന്ന വേരിയന്റുകളിൽ രണ്ട് എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം ഉയർന്ന മോഡലുകളിൽ നാല് എയർബാഗുകൾ ഉണ്ടായിരുന്നു. 2025 മാരുതി എർട്ടിഗ LXi, VXi, ZXi, ZXi പ്ലസ് എന്നിങ്ങനെ നാല് ട്രിമ്മുകളിൽ ലഭ്യമാണ്. 9.12 ലക്ഷം മുതൽ 12.01 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ്-ഷോറൂം വില.

2025 മാരുതി സുസുക്കി എർട്ടിഗയുടെ പുതിയ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഇപ്പോൾ അതിന്റെ എല്ലാ മോഡലുകളിലും ആറ് എയർബാഗുകൾ ലഭിക്കും. ഇത് സുരക്ഷ വർദ്ധിപ്പിക്കും. ടയർ പ്രഷർ മോണിറ്റർ സിസ്റ്റം (മുൻനിര മോഡലുകളിൽ മാത്രം), PM 2.5 ഫിൽട്ടർ (മുൻനിര മോഡലുകളിൽ മാത്രം), രണ്ടാം നിരയിൽ 2 യുഎസ്‍ബി-സി ഫാസ്റ്റ് ചാർജറുകൾ (VXi യിലും അതിനു മുകളിലുള്ള മോഡലുകളിലും), രണ്ടാം നിരയിൽ എസി വെന്റുകൾ (VXi യിലും അതിനു മുകളിലുള്ള മോഡലുകളിലും), മൂന്നാം നിരയിൽ എസി വെന്റുകളും ക്രമീകരിക്കാവുന്ന ഫാൻ സ്‍പീഡും (VXi യിലും അതിനു മുകളിലുള്ള മോഡലുകളിലും), മൂന്നാം നിര യാത്രക്കാർക്കായി രണ്ട് USB-C ഫാസ്റ്റ് ചാർജറുകൾ (ZXi, ZXi + മോഡലുകളിൽ), 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഒരു പുതിയ റൂഫ് സ്‌പോയിലർ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.

പുതിയ മാരുതി എർട്ടിഗ 2025 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നിലനിർത്തുന്നു. ഇത് 102PS പവറും 139Nm ടോർക്കും നൽകുന്നു. അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിൽ ഇത് ലഭിക്കും. പെട്രോൾ മാനുവൽ വേരിയന്റ് 20.51kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു, അതേസമയം ഓട്ടോമാറ്റിക് 20.30kmpl നൽകുന്നു. എ‍ർട്ടിഗ സിഎൻജി പരമാവധി 99PS പവറും 122Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂ. കൂടാതെ 26.11km/kg മൈലേജ് വാഗ്ദാനം ചെയ്യുന്നു.