ഉത്സവ സീസണിനോടനുബന്ധിച്ച് നെക്സ മോഡലുകൾക്ക് വമ്പൻ ഓഫറുകളുമായി മാരുതി സുസുക്കി. ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, എക്സ്എൽ6 തുടങ്ങിയ കാറുകൾക്ക് ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ മികച്ച ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഈ ഓഫറുകൾ ലഭ്യമാകും.

ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി മാരുതി സുസുക്കി. 2026 ഒക്ടോബറിൽ നെക്സ ശ്രേണിയിൽ ഉൾപ്പെടുന്ന വിവിധ മോഡലുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഡൽഹി-എൻസിആർ വിപണിയിൽ 2026 ഒക്ടോബർ 1 മുതൽ ഈ ഓഫറുകൾ ലഭ്യമാകും. ഗ്രാൻഡ് വിറ്റാരയ്ക്കാണ് ഏറ്റവും വലിയ ആനുകൂല്യം ലഭിക്കുന്നത്. വിവിധ വേരിയന്റുകൾക്ക് 1.36 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ തിരഞ്ഞെടുത്ത മോഡലുകളിൽ ഒക്ടോബർ 1 മുതൽ ഒക്ടോബർ 10 വരെ നവരാത്രിക്ക് മുന്നോടിയായുള്ള പ്രത്യേക ബുക്കിങ് ഓഫറുകളും കമ്പനി നൽകുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയ്ക്ക് 1.36 ലക്ഷം രൂപ വരെ

ഉത്സവകാല ഓഫറുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഗ്രാൻഡ് വിറ്റാരയുടേതാണ്. സിഗ്മ പെട്രോൾ വേരിയന്റിന് 1.36 ലക്ഷം രൂപ വരെയും ഡെൽറ്റ പെട്രോൾ വേരിയന്റിന് 1.26 ലക്ഷം രൂപ വരെയും ആനുകൂല്യം ലഭിക്കും. സീറ്റ, ആൽഫ വേരിയന്റുകൾക്ക് 1.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യത്തിനൊപ്പം 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. ഓൾ വീൽ ഡ്രൈവ് പതിപ്പിനും സമാനമായ ഓഫറുകൾ ബാധകമാണ്. ഗ്രാൻഡ് വിറ്റാരയുടെ ശക്തമായ ഹൈബ്രിഡ് വേരിയന്റിന് നിബന്ധനകൾക്ക് വിധേയമായി 1.85 ലക്ഷം രൂപ വരെയുള്ള റോഡ് നികുതി ആനുകൂല്യവും 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും.

സിഎൻജി, ഇലക്ട്രിക് മോഡലുകൾക്കും ഓഫർ

ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി പതിപ്പിനും ആകർഷകമായ ആനുകൂല്യങ്ങളുണ്ട്. ഡെൽറ്റ സിഎൻജി വേരിയന്റിന് 1 ലക്ഷം രൂപ വരെയും സീറ്റ സിഎൻജിക്ക് 90,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. അതേസമയം മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവിയായ ഇവിറ്റാരയ്ക്ക് വ്യത്യസ്തമായ ഓഫറാണ് കമ്പനി നൽകുന്നത്. സൗജന്യ ചാർജറും ഹോം ചാർജർ ഇൻസ്റ്റലേഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക.

ഫ്രോങ്ക്സിന് 27,100 രൂപ വരെ

നെക്സ ശ്രേണിയിലെ ജനപ്രിയ മോഡലായ ഫ്രോങ്ക്സിനും ഉത്സവകാല ഓഫറുകൾ ലഭ്യമാണ്. ടർബോ പെട്രോൾ വേരിയന്റിന് 27,100 രൂപ വരെയും 1.2 ലിറ്റർ പെട്രോൾ വേരിയന്റിന് 22,100 രൂപ വരെയും ആനുകൂല്യം ലഭിക്കും. ഫ്രോങ്ക്സിന്റെ സിഎൻജി പതിപ്പിന് 15,000 രൂപ വരെയുള്ള ആനുകൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എക്സ്എൽ6, ഇൻവിക്ടോ, ജിംനി എന്നിവയ്ക്കും ഓഫർ

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവിയായ എക്സ്എൽ6യുടെ പെട്രോൾ വേരിയന്റിന് 61,000 രൂപ വരെയും സിഎൻജി പതിപ്പിന് 50,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ഇൻവിക്ടോയുടെ എല്ലാ വേരിയന്റുകൾക്കും 95,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ജിംനിയുടെ എല്ലാ വേരിയന്റുകൾക്കും 35,000 രൂപ വരെയുള്ള ആനുകൂല്യമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മുഴുവൻ തുകയും ക്യാഷ് ഡിസ്‍കൌണ്ട്

മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്ന പരമാവധി ആനുകൂല്യം മുഴുവൻ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടല്ലെന്നത് ശ്രദ്ധിക്കണം. എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ വിവിധ ഓഫറുകൾ ചേർന്നതാണ് ഈ തുക. കമ്പനിയുടെ ഓഫർ വ്യവസ്ഥകൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ആനുകൂല്യങ്ങളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. പഴയ മാരുതി സുസുക്കി വാഹനം കൈവശമുള്ള ഉപഭോക്താക്കൾക്ക് അപ്ഗ്രേഡ് ലോയൽറ്റി ബോണസ് എക്സ്ചേഞ്ച് ബോണസുമായി സംയോജിപ്പിക്കാനും സാധിക്കും. ഡൽഹി-എൻസിആർ വിപണിയെ അടിസ്ഥാനമാക്കിയുള്ള ഓഫറുകളായതിനാൽ മറ്റ് നഗരങ്ങളിൽ ആനുകൂല്യങ്ങളിലും നിബന്ധനകളിലും വ്യത്യാസമുണ്ടാകാം. വാഹനം ബുക്ക് ചെയ്യുന്നതിന് മുമ്പ് അതത് ഡീലർഷിപ്പിൽ ലഭ്യമായ ഓഫറുകൾ പരിശോധിക്കുന്നത് ഉചിതമാണ്.